കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി: സംസ്ഥാനത്ത് കോവിഡ് വാക്സിന് ഡ്രൈ റണ്‍ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളില്‍ തിരഞ്ഞെടുത്ത ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടന്നത്.
തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം. പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലുമാണ് ഡ്രൈ റണ്‍ നടന്നത്.
25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം ആണ് പങ്കെടുക്കുക. തിരുവനന്തപുരം പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ മന്ത്രി കെ.കെ ശൈലജ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളം വാക്സിന് വിതരണത്തിന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ അളവില്‍ വേഗത്തില്‍ വാക്സിന് കേരളത്തിന് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി പറഞ്ഞു.
സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് എത്തിച്ച വാക്സിന് സ്റ്റോറേജ് മുറികളില്‍ സൂക്ഷിക്കും. അവിടെ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കുന്ന വാക്സിന് സിറിഞ്ചിലേക്ക് മാറ്റുകയും പിന്നീട് കുത്തിവക്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ കുത്തിവയ്പ്പൊഴികെയുള്ള മറ്റെല്ലാ കാര്യങ്ങളും ഡ്രൈ റണ്ണിന്റെ ഭാഗമായി ചെയ്യും.
വാക്സിന് സ്വീകരിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന കാര്യങ്ങളും നിരീക്ഷിക്കും. ഇതിനായി ഡ്രൈ റണ്‍ കേന്ദ്രങ്ങളില്‍ ഒബ്സര്‍വേഷന്‍ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി വാക്സിന് വിതരണം സുഗമമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഡ്രൈ റണ്ണിലൂടെ ഉദ്ദേശിക്കുന്നത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക