കേരളം ആര് ഭരിക്കും? കാത്തിരിപ്പിനൊടുവില്‍ നാളെ ഫലമറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്.സനിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിജയന്‍ വീണ്ടും അധികാരമേല്‍ക്കുന്നത് ഈ മാസം 9ന് ശേഷമേയുള്ളുവെന്ന് സിപിഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. രാവിലെ 6 ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറക്കും. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും ഇത്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും.
ആദ്യം എണ്ണുക തപാല്‍ ബാലറ്റുകളാണ്. 8.30 ന് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും. 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.