കേരംതിങ്ങും കേരളനാട്ടിൽ കെആര്‍ ഗൗരിയമ്മ ഇനിയില്ല


തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് വെച്ചയിരുന്നു അന്ത്യം. ശരീരത്തില്‍ അണുബാധയുണ്ടായിരുന്നു.

1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957, 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു. കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്തു. പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയില്‍ അവരുടെ കഴിവു തെളിയിച്ചു. സിപിഐഎം അംഗം ആയിരുന്ന ഇവര്‍ പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചായിരുന്നു പ്രവർത്തിച്ചത്.