കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി കര്‍ഷകരെ സഹായിക്കാന്‍: കോഴിക്കോട് ജില്ല കര്‍ഷകമോര്‍ച്ച പ്രസിഡന്റ് പി.പി മുരളി


കൊയിലാണ്ടി: ഇടനിലക്കാരായ ചൂഷകരെ ഒഴിവാക്കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് കോഴിക്കോട് ജില്ല കര്‍ഷകമോര്‍ച്ച പ്രസിഡന്റ് പി.പി മുരളി പറഞ്ഞു. കര്‍ഷക ആത്മഹത്യ തടയാനും, പ്രതിസന്ധികളെ നേരിടാന്‍ കര്‍ഷകരെ പ്രാപ്തരാക്കാനും ഈ നിയമം പര്യാപ്തമാണ്. കര്‍ഷകരെ പറഞ്ഞു പറ്റിച്ചു തെരുവില്‍ ഇറക്കാന്‍ രാജ്യദ്രോഹ ശക്തികളും ഭീകരവാദികളും കൈ കോര്‍ക്കുന്നു എന്ന് ഇന്നലത്തെ സംഭവവികാസങ്ങള്‍ രാജ്യത്തിന് മനസ്സിലാക്കിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തിലുള്ള കര്‍ഷക മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാകരന്‍ പ്രശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാഥ ക്യാപ്റ്റന്‍ പി.പി മുരളിയെ, മണ്ഡലം പ്രസിഡന്റ് ജയ്കിഷ്എസ്സ്.ആര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ മുത്താമ്പി, കെ.വി സുരേഷ് സംസ്ഥാന കമ്മിറ്റി അംഗം രജനീഷ് ബാബു, കര്‍ഷകമോര്‍ച്ച ജനറല്‍ സെക്രട്ടറി സദാനന്ദന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ,മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്‍, വി കെ ഷാജി, വി കെ സുധാകരന്‍, പറമ്പത്ത് പ്രദീപന്‍,എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക