കേന്ദ്ര സംഘം കോഴിക്കോട്; ടിപിആർ കൂടിയ മേഖലകളിൽ പരിശോധന കൂട്ടണമെന്ന് നിര്‍ദ്ദേശം


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ടിപിആർ കൂടിയ മേഖലകളിൽ കൊവിഡ് പരിശോധന കൂട്ടാൻ കേന്ദ്ര സംഘത്തിന്‍റെ നി‍ർദ്ദേശം. ഒമൈക്രോൺ പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സംഘം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ കേന്ദ്ര സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പരിശോധനയും രണ്ടാം ഘട്ട വാക്സിനേഷനും ഊർജ്ജിതമാക്കുമെന്നും ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോഴിക്കോട് മെഡി. കോളേജിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലും സംഘം സന്ദർശനം നടത്തി.

അതേസമയം, സംസ്ഥാനത്ത് പുതുതായി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്നലെ നാല് പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

 

അതേസമയം, തമിഴ്നാട്ടിലും ആദ്യ ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്നും ദോഹ വഴി ചെന്നൈയിലെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. ഒമിക്രോൺ കണ്ടെത്തിയ ആളുടെ ബന്ധുക്കളിൽ ആറു പേർക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരെല്ലാം ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ആൾക്കൊപ്പം യാത്ര ചെയ്ത വ്യക്തിയ്ക്കും കൊവിഡ് പോസിറ്റീവ് ആണ്. ഇവരുടെ സ്രവം കൊവിഡ് വകഭേദം കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.