കേന്ദ്ര ഏജൻസികളുടെ വിരട്ടൽ കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ


കൊടുവള്ളി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ ഭീഷണികള്‍ മറ്റു പലയിടങ്ങളിലും വിലപ്പോവുമായിരിക്കും എന്നാല്‍ അത് ഇവിടെ നടക്കില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല. കേരളത്തിന്റെ വികസനത്തിന് തടയിടാനാണ് ഇവിടുത്തെ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികള്‍ നേരായ കളി കളിക്കണമെന്നും മറിച്ചായാല്‍ ക്ഷീണിക്കുമെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും യുഡിഎഫും ബിജെപിയും നേരുപേക്ഷിച്ച് നുണയെ ആശ്രയിക്കുകയാണ്. അവര്‍ വലിയ തോതില്‍ നുണ പ്രചരിപ്പിക്കുകയാണ്. ഒരു നുണ നൂറ് പ്രാവശ്യം പറഞ്ഞാല്‍ അത് സത്യമാകുമെന്നാണ് അവര്‍ കരുതുന്നത്.

നമ്മള്‍ ശ്രമിക്കേണ്ടത് യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാനാണെന്നും നുണയ്ക്ക് അധിക നാള്‍ ആയുസ്സുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ കണക്കാക്കിയത് ഇന്നത്തെ കേരളത്തിനൊരു മാറ്റം വേണം എന്നായിരുന്നു. കാരണം ഒരുപാട് നല്ല പേര് സമ്പാദിച്ചൊരു നാട് അന്ന്‌ ദുഷ്‌പേര് സമ്പാദിക്കുന്ന സ്ഥിതിയിലേക്കെത്തിയിരുന്നു. വികസന മുരടിപ്പായിരുന്നു ഉണ്ടായിരുന്നത്.

നല്ലതെല്ലാം പോയി കെട്ടകാര്യങ്ങള്‍ മാത്രമേ കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. അതിന് മാറ്റം വന്നത് കേരളത്തില്‍ ഇടതുപക്ഷം എത്തിയതിന് ശേഷമാണ്‌. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. നഷ്ടപ്പെട്ടുപോയിരുന്ന കേരളത്തിന്റെ യശസ് നമ്മള്‍ വീണ്ടെടുത്തെന്നും മുഖ്യമന്ത്രി കൊടുവള്ളിയിൽ പറഞ്ഞു.

കേരള പര്യടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വയനാട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ജില്ലയിലെ ആദ്യ കേന്ദ്രമായ കൊടുവള്ളിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആവേശകരമായ സ്വീകരണമാണ് ജനങ്ങളില്‍ നിന്നു ലഭിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍, വികസനത്തെക്കുറിച്ചുള്ള ഭാവി പ്രതീക്ഷകള്‍, പദ്ധതികള്‍ എന്നിവയെല്ലാം അദ്ദേഹം ജനങ്ങളോടുപങ്കു വച്ചു.

നാടിന്റെ പുരോഗതിയും ജനാധിപത്യ അടിത്തറയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക രാഷ്ട്രീയ ശക്തികള്‍ക്കെതിരെ കേരളത്തിലെ ജനങ്ങളുടെ ചെറുത്തു നില്പിന് ഇടതുപക്ഷത്തിന്റെ നേതൃത്വം
ജനങ്ങള്‍ക്കുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സ്ഥാനാർത്ഥി കാരാട്ട് റസാഖ്, എളമരം കരീം എം.പി, പി.മോഹനൻ എന്നിവരും സംസാരിച്ചു.