കെ-റെയിൽ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു; എല്ലാ ജില്ലകളിലും യോഗങ്ങൾ വിളിച്ചു ചേർക്കും


തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇറങ്ങുന്നു. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തില്‍ സര്‍ക്കാര്‍ പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം

പതിനാല് ജില്ലകളിലും ഇത്തരത്തില്‍ യോഗം വിളിച്ചുചേര്‍ക്കും. യോഗത്തില്‍ സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി കെ റെയില്‍ വിഷയത്തില്‍ സംവദിക്കും. 2022 ജനുവരി നാല് മുതല്‍ വിശദീകരണ യോഗങ്ങള്‍ ആരംഭിക്കും. തിരുവനന്തപുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ പരിപാടി.

പദ്ധതിക്ക് ജനപിന്തുണ നേടിയെടുക്കാന്‍ സി.പി.എമ്മും പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. പദ്ധതിയ്‌ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്ന ലഘുലേഖകളുമായിട്ടാണ് സി.പി.എം പ്രചാരണത്തിനിറങ്ങുന്നത്. എല്ലാ വീടുകളിലും കയറി ഇറങ്ങി ലഘുലേഖ വിതരണം ചെയ്യാനാണ് തീരുമാനം.

കെ റെയില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ല , തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പരമാവധി സംരക്ഷിക്കും. പ്രധാനപ്പെട്ട ആരാധനാലയങ്ങളും മറ്റും കെ റെയിലിനായി പൊളിച്ചുമാറ്റേണ്ടിവരില്ല. 9314 കെട്ടിടങ്ങള്‍ മാത്രമാണ് ഒഴിപ്പിക്കേണ്ടിവരിക. ഇവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും തുടങ്ങിയ കാര്യങ്ങളാണ് സി.പി.എം ലഘുലേഖയില്‍ പറയുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.