കെ-റെയില്‍: ജില്ലയില്‍ സ്ഥലമെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിച്ചു; നടപടികൾ വേഗത്തിലാക്കി സർക്കാർ


കോഴിക്കോട്: അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയിലിനായി കോഴിക്കോട് ജില്ലയിലെ സ്ഥലം ഏറ്റെടുക്കുന്നതിനായി ആറ് ഉദ്യോഗസ്ഥരെ നിയമിച്ചു. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ സ്ഥലമെടുപ്പ് സ്‌പെഷല്‍ തഹസില്‍ദാര്‍ ജെ.എസ്. ഹരീഷിനാണ് അക്വിസിഷന്‍ ചുമതല. ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍, ഒരു വാല്വേഷന്‍ അസിസ്റ്റന്റ്, മൂന്ന് റവന്യു ഇന്‍സ്‌പെകടര്‍മാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. സര്‍വേയര്‍മാരെയും ക്ലറിക്കല്‍ ജീവനക്കാരെയും കൂടി വൈകാതെ നിയമിക്കുന്നതോടെ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.

തല്‍ക്കാലം കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് ഓഫീസിലായിരിക്കും പ്രവര്‍ത്തനം. പ്രത്യേകം ഓഫീസിന് മലാപ്പറമ്പില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനടുത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം ഓഫീസ് അവിടേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയ്ക്ക് പ്രത്യേക താല്‍പ്പര്യമുള്ള പദ്ധതിയാണെന്നിരിക്കെ ഏറെ ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ജില്ലയില്‍ അഴിയൂര്‍ മുതല്‍ കടലുണ്ടി വരെ 75 കിലോമീറ്റര്‍ ദൂരത്തില്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സര്‍വേക്കല്ല് നാട്ടുന്ന ജോലി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇവിടെയും ഏതാനും ദിവസത്തിനുള്ളില്‍ പ്രാഥമിക ജോലികള്‍ ആരംഭിച്ച് മറ്റു ജില്ലകള്‍ക്കൊപ്പം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ ലൈന്‍ പാതയുടെ ആകെ ദൈര്‍ഘ്യം 530.6 കിലോമീറ്ററാണ്. പതിനൊന്ന് സ്റ്റേഷനാണ് ഉണ്ടാവുക. ജില്ലയില്‍ കോഴിക്കോട് മാത്രമാണ് സ്റ്റേഷന്‍. പാത കടന്നു പോകുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ വെബ്‌സൈറ്റില്‍ (keralarail.com) കൊടുത്തിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.