കെ.കെ.ശൈലജ മുതൽ കാനത്തിൽ ജമീല വരെ; സിപിഎം പട്ടികയിൽ 12 വനിതകൾ


കോഴിക്കോട്: മികച്ച സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് സിപിഐഎം സ്ഥാനാര്‍ഥി പട്ടിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുള്‍പ്പെടെയുള്ള കരുത്തുറ്റ സ്ഥാനാര്‍ഥികളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.

ഭരണമികവിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രശംസിച്ച ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഇത്തവണയും മട്ടന്നൂരില്‍ നിന്നും ജനവിധി തേടും. എല്‍ഡിഎഫ് മന്ത്രിയഭയിലെ വനിതാമന്ത്രിയായ ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ നിന്നും മത്സരിക്കും. കൊയ്‌ലാണ്ടിയില്‍ നിന്നും കാനത്തില്‍ ജമീലയും മത്സരിക്കും.

ഇരിഞ്ഞാലക്കുടയില്‍ ഡോ ആര്‍ ബിന്ദു, ആലുവ ഷെല്‍ന നിഷാദ്, ആറന്മുള വീണാ ജോര്‍ജ്, ആറ്റിങ്ങല്‍ ഒഎസ് അംബിക, കായംകുളത്ത് യു പ്രതിഭ, വണ്ടൂരില്‍ പി മിഥുന, വേങ്ങരയില്‍ നിന്നും പി ജിജി അരൂരില്‍ ദെലീമ ജോജോ, കോങ്ങാട് ശാന്തകുമാരി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് വനിതകള്‍.

കൊയിലാണ്ടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി സതീദേവിയെയാണ് പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കാനത്തില്‍ ജമീലയെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി തീരുമാനമെടുക്കുകയായിരുന്നു. അരൂരില്‍ നിന്നും മത്സരത്തിനിറങ്ങുന്ന ഗായിക ദെലീമ ജോജോയും നിലവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ആര്‍ ബിന്ദു സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ കൂടിയാണ്. എ വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് ആര്‍ ബിന്ദു വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കിയിരുന്നു.