കെ.എസ്.ആർ.ടി.സി ഹൈഡ്രജൻ ബസ് സർവ്വീസ് തുടങ്ങുന്നു; ആദ്യഘട്ടം നെടുമ്പാശ്ശേരിയിൽ നിന്ന്; ഹൈഡ്രജൻ ബസ്സിന്റെ വിശേഷങ്ങൾ അറിയാം



നെടുമ്പാശേരി: സംസ്ഥാനത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് പദ്ധതിയുടെ ആദ്യഘട്ടം നെടുമ്പാശേരിയിൽ നിന്നാരംഭിക്കും. തിരുവനന്തപുരത്തേക്കായിരിക്കും പൈലറ്റ് സർവീസ്. സംസ്ഥാന സർക്കാരിനുവേണ്ടി കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഐ.ഒ.സിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരത്തും യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകാൻ ഐ.ഒ.സി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണിത്. ആറ് മാസത്തിനകം പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനം വികസിപ്പിക്കുന്ന പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിന് സംസ്ഥാന സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിന്റെ പദ്ധതി

എൽ.എൻ.ജി, വെള്ളം, ജൈവ മാലിന്യം എന്നിവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിച്ച് പ്രത്യേക സംവിധാനത്തിലൂടെ സെല്ലിൽ നിറച്ച് വാഹനത്തിൽ ഘടിപ്പിക്കുന്നതാണ് കേരളത്തിന്റെ പദ്ധതി. ഗതാഗത വകുപ്പിന് കീഴിലെ ശ്രീചിത്ര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗും അനർട്ടും ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ റിപ്പോർട്ട് വിദഗ്‌ദ്ധ സമിതി പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന് സമർപ്പിച്ചത്.

ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനക്ഷമത കൂടുതലായിരിക്കും. അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയും. ട്രെയിൻ, കപ്പൽ തുടങ്ങിയവയ്ക്കും ഹൈഡ്രജൻ സെൽ കൂടുതൽ പ്രയോജനം ചെയ്യും. നിലവിൽ കൊച്ചി ബി.പി.സി.എല്ലിൽ എൽ.എൻ.ജിയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നുണ്ട്. മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യ ഐ.ഒ.സിക്കുമുണ്ട്. ഇവയുടെ പങ്കാളിത്തവും കേരളം തേടിയിട്ടുണ്ട്.

ഇന്ധനമായി ഹൈഡ്രജൻ

ഫോസിൽ ഇന്ധനങ്ങൾക്കു പകരമെന്തെന്ന ചോദ്യത്തിന് ശാസ്ത്രസാങ്കേതിക മേഖല ഉത്തരം തേടാൻ തുടങ്ങിയിട്ട് ഒട്ടേറെ കാലമായി. ‌ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളും മറ്റും ഇതിനു പരിഹാരമായി എത്തിയിട്ടുമുണ്ട്. എന്നാൽ, ഹൈഡ്രജനോളം പോന്ന ഒരു പകരക്കാരൻ ഫോസിൽ ഇന്ധനങ്ങൾക്കില്ല. ലോകമെമ്പാടുമായി 400ഓളം ഹൈഡ്രജൻ ബസുകൾ ഇപ്പോൾ ഓടുന്നുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ നടക്കുന്ന ഇലക്ട്രോ– കെമിക്കൽ രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന വൈദ്യുതോർജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്. വൈദ്യുതോർജത്തിൽ ഒരു ഭാഗം ബാറ്ററിയിൽ ശേഖരിക്കുന്നു. ലോഡ് വർധിക്കുമ്പോൾ ഇവ ഉപയോഗിക്കും. ചൂടും വെള്ളവും മാത്രമാണ് ഇതിന്റെ ഉപോൽപന്നങ്ങളായി പുറത്തേക്കു വരുന്നത്.

ഉയർന്ന കാര്യക്ഷമതയും പെട്ടെന്നു റീഫ്യുവൽ ചെയ്യാമെന്നതുമാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ പ്രത്യേകത. വെള്ളം വിഘടിപ്പിച്ചു ഹൈഡ്രജൻ സൃഷ്ടിക്കുന്ന ഇലക്ട്രോലിസിസ് രീതിയാണെങ്കിൽ ‘ക്ലീൻ’ ഇന്ധനം ലഭിക്കും. ഫോസിൽ ഇന്ധനങ്ങളിൽ നിന്നു വ്യത്യസ്തമായി പുനരുപയോഗിക്കാവുന്ന ഊർജമാണ് ഹൈഡ്രജൻ. ഹൈഡ്രജൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്നു കാർബൺ ഡയോക്സൈഡ് പോലെയുള്ള വാതകങ്ങൾ പുറംതള്ളില്ല. ഉയർന്ന ഊർജക്ഷമതയാണ് മറ്റൊരു പ്രത്യേകത. കിലോഗ്രാമിനു 130 മെഗാജ്യൂളാണ് ഹൈഡ്രജന്റെ ഊർജസാന്ദ്രത. എന്നാൽ 46 മെഗാജ്യൂൾ മാത്രമാണ് ഡീസലിന്റെ ഊർജസാന്ദ്രത.

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി ചാർജ് ചെയ്യാൻ 30 മിനിറ്റ് മുതൽ രണ്ടു മണിക്കൂർ വരെയെടുക്കുമെങ്കിൽ ഹൈഡ്രജൻ നിറയ്ക്കാൻ 7മിനിറ്റ് മതി. പമ്പുകളിൽ നിന്നു പെട്രോളോ ഡീസലോ നിറയ്ക്കുന്നതിനു സമാനമാണിത്. ബാറ്ററികളെക്കാൾ കുറഞ്ഞ സ്ഥലം മതി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾക്ക്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ഭാരം കുറയ്ക്കാൻ സാധിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഉയർന്ന ചെലവും സുരക്ഷാഭീഷണിയുമൊക്കെയാണ് പ്രതികൂലഘടകങ്ങൾ. എന്നാൽ, കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതും സാങ്കേതികവിദ്യകളിലെ വികാസവും ഇവ തരണ ചെയ്യാൻ സഹായിക്കും.

തുടക്കത്തിൽ ചെലവേറെ

ഒരു ഹൈഡ്രജൻ ബസിന് 2 കോടി മുതൽ 3 കോടി രൂപ വരെ വിലയുണ്ട്. ഇലക്ട്രിക് ബസുകളെക്കാൾ ഏറെ ഉയർന്ന തുകയാണിത്. നിലവിൽ ഒരു കിലോഗ്രാം ഹൈഡ്രജൻ ഉൽപാദിപ്പിക്കണമെങ്കിൽ ശരാശരി 140 രൂപ ചെലവുണ്ട്. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെ മാത്രം ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ഇതിലധികം ചെലവുണ്ടാകും. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് കാറുകൾക്ക് പരമാവധി 100 കിലോമീറ്റർ വരെ പോകാം. ബസുകളാകുമ്പോൾ ഈ ദൂരം വീണ്ടും കുറയും. ഹൈഡ്രജൻ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതും അത്ര എളുപ്പമല്ല. സുരക്ഷിതമായ ചാർജിങ് സ്റ്റേഷനുകൾക്കും ചെലവേറെയാണ്. 300 മുതൽ 700 ബാർ മർദത്തിലാണ് ഹൈഡ്രജൻ സൂക്ഷിക്കുന്നത്. എന്നാൽ, കൂടുതൽ ഹൈഡ്രജൻ വാഹനങ്ങൾ വിപണിയിലെത്തുമ്പോൾ ഈ ചെലവുകളെല്ലാം കുറയുമെന്ന് കരുതപ്പെടുന്നു.

ഇന്ത്യയിലുണ്ടോ ഹൈഡ്രജൻ ബസുകൾ ?

2018ൽ മുംബൈയിൽ ടാറ്റ മോട്ടോഴ്സും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്ന് ഹൈഡ്രജൻ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി) ഡൽഹി– ജയ്പൂർ റൂട്ടിൽ ഹൈഡ്രജൻ ബസ് ഓടിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഇതു നടന്നിട്ടില്ല. എന്നാൽ, കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ ഒട്ടേറെ സ്ഥാപനങ്ങളിൽ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ ഇന്ത്യയിൽ കാണാൻ സാധിക്കുമെന്നുറപ്പാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.