കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് നടത്തിയത് 12 ബസുകള്‍ മാത്രം


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ജില്ലയിലെ ബസ് സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു. രണ്ട് സംഘടനകള്‍ പണിമുടക്ക് അവസാനിപ്പിച്ചിട്ടും ജില്ലയില്‍ 12 ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്.

കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള നാല് സര്‍വ്വീസുകള്‍ മാത്രമാണ് ഓടിയത്. കര്‍ണ്ണാടകയില്‍ തിങ്കളാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ സര്‍വ്വീസ് നടത്താന്‍ ജീവനക്കാര്‍ തയ്യാറാവുകയായിരുന്നു.

വടകര ഡിപ്പോയില്‍ മൂന്നും തൊട്ടില്‍പാലം, താമരശ്ശേരി ഡിപ്പോകള്‍ രണ്ട് വീതവുംതിരുവമ്പാടി ഡിപ്പോ ഒരു സര്‍വ്വീസുമാണ് നടത്തിയത്.

ടി.ഡി.എഫ്, എ.ഐ.ടി.യു.സി എന്നീ സംഘടനകള്‍ മാത്രമാണ് പണിമുടക്ക് നടത്തിയത്. എന്നാല്‍ സി.ഐ.ടി.യു അംഗങ്ങള്‍ ഉള്‍പ്പെടെ സ്വമേധയാ വിട്ടുനിന്നതാണ് സര്‍വ്വീസുകള്‍ മുടങ്ങാന്‍ കാരണമായത്. സി.ഐ.ടി.യുവും ബി.എം.എസും നേരത്തേ പണിമുടക്ക് അവസാനിപ്പിച്ചിരുന്നു.

പണിമുടക്കിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടാതിരുന്നതിനെ തുടര്‍ന്ന് സ്വകാര്യ ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പണിമുടക്കിന്റെ ഭാഗമായി ടി.ഡി.എഫ്. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ പ്രകടനം നടത്തി.