കൊവിഷീൽഡ് വാക്സീന്‍: സ്വന്തം നിലയില്‍ എടുത്താല്‍ 84 ദിവസം ഇടവേള വേണോ? കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇന്നറിയാം
കൊച്ചി: സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിന്‍റെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. കൊവിഷീൽഡ് രണ്ടാം ഡോസ് വാക്സീനെടുക്കുന്നതിന് 84 ദിവസം ഇടവേള നിശ്ചയിച്ചതിന്‍റെ കാരണമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു.
ആദ്യ ഡോസ് വാക്സീനെടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി കിറ്റെക്സ് നല്‍കിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സീൻ കുത്തിവയ്പ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്സീൻ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.