കോവിഡ് നിയന്ത്രണം ലംഘിച്ച് റോഡ് ഉദ്ഘാടനം; പയ്യോളി നഗരസഭാ ചെയർമാനെതിരെ പൊലീസ് കേസ്


പയ്യോളി: കോവിഡ് നിയന്ത്രണ ലംഘനത്തിന് പയ്യോളി നഗരസഭാ ചെയർമാനെതിരെയും ഡിവിഷൻ കൗൺസിലറിനെതിരെയും കേസ്. ചെയർമാൻ ഷഫീഖ് വടക്കയിലിനും നഗരസഭാംഗം സിജിന പൊന്ന്യാരിക്കും എതിരെയാണ് പോലീസ് കേസെടുത്തത്. വാരാന്ത്യ ലോക്ക്ഡൗൺ ദിനത്തിൽ കളത്തിൽ മുക്ക് – കീഴൂർ റോഡ് ഉദ്ഘാടനമാണ് കേസിനാസ്പദമായ സംഭവം.

ലോക്ക്ഡൌണിനു സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കേണ്ടവര്‍തന്നെ കൊവിഡ് നിയന്ത്രണം ലംഘിച്ചത് ചോദ്യം ചെയ്താണ് പൊലീസില്‍ പരാതിയെത്തിയത്.

റോഡുൽഘാടനത്തിൽ അൻപതിലധികം ആളുകൾ പങ്കെടുത്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യോളി പോലീസ് കേസെടുത്തത്. സി.പി.എം കീഴൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയും മുൻ നഗരസഭാ ചെയർപേഴ്സന്റെ ഡ്രൈവറും കൂടിയായ സി ടി ശ്രീനിവാസനാണു പരാതി നൽകിയത്.

ജില്ലാ എ കാറ്റഗറിയിലാണെങ്കിലും വാരാന്ത്യ ലോക്ക് ഡൗൺ നിയമ പ്രകാരം എല്ലാ ചടങ്ങുകൾക്കും പരമാവധി ഇരുപത് പേർക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.