കെവിന്‍ കൊലപാതകം പ്രമേയമാക്കി ‘ദി ലാസ്റ്റ് സ്നാപ്’; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊയിലാണ്ടിക്കാരന്റെ ചിത്രം
കൊയിലാണ്ടി: കൊവിഡ് മഹാമാരിക്കിടയില്‍ കൊയിലാണ്ടിക്കാരന്‍ സംവിധാനം ചെയ്ത ദി ലാസ്റ്റ് സ്നാപ് സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധ നേടുന്നു. കൊയിലാണ്ടി സ്വദേശി ഷനിത്ത് മാധവികയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞദിവസം ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
വളരെ വലിയ ഒരു ആശയത്തെ വളരെ ലളിതമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. ദുരഭിമാനക്കൊലകളാണ് അരങ്ങേറുന്ന ഇക്കാലത്ത് കെവിന്‍ കൊലപാതകത്തെ മുഖ്യപ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളും കലാകാരന്മാര്‍ക്ക് വെല്ലുവിളിയായി.
ആനക്കാംപൊയില്‍ പൂല്ലൂരാന്‍ പാറ പ്രദേശത്തെ എണ്‍പത്തിയെട്ട് തൊണ്ണൂറ് കാലഘട്ടത്തില്‍ ഹൈസ്‌ക്കൂളില്‍ പഠിച്ച ഒരു കൂട്ടം കലാകാരന്മാരുടെ പ്രയത്നമാണ് ഈ ഹ്രസ്വചിത്രമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷനിത്ത് മാധവിക പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാസ്റ്റേഴ്സ് മീഡിയ പ്രോഡക്ഷന്‍സിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി സ്വദേശിയായ രവീന്ദ്രന്‍ കെ.പിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.
നാല്പത്തിയഞ്ചോളം പേരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കൂടുംബാംഗങ്ങളുമാണ് ചിത്രത്തിലെ താരങ്ങള്‍. പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അരുണും ഭാര്യയുമാണ് കൂട്ടായ്മയ്ക്ക് പുറത്തുനിന്നുള്ളത്. അരുണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒഞ്ചിയം സ്വദേശിയായ നിധിന്‍ നാഥാണ്. ഭാര്യയുടെ വേഷം ചെയ്തിരിക്കുന്നത് മാഹി സ്വദേശിയായ ഊര്‍മിള ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
ആനക്കാംപൊയിലില്‍ മൂന്ന് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. കൊയിലാണ്ടിക്കാരനായ മിഥുനാണ് ക്യാമറ ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ദീപക്കാണ്സംഗീത സംവിധാനം. രജിത്ത് കൊയിലാണ്ടിയുടെതാണ് ആര്‍ട്ട് വര്‍ക്കുകള്‍. ത്രിഡി ഇഫക്ടുകള്‍ ചെയ്തിരിക്കുന്നത് അനുദേവ് പ്രവീണ്‍ ആണ്.