കെഎസ്ഇബിയുടെ സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊയിലാണ്ടിയില്‍ തുടക്കമായി


കൊയിലാണ്ടി: കെ എസ് ഇ ബി സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ (വാതില്‍പ്പടി സേവനം) കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രവര്‍നങ്ങള്‍ക്ക് തുടക്കമായി. ഓഫിസ് കയറിയിറങ്ങാതെ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സേവനങ്ങള്‍ ലഭ്യമാകുന്നതാണ് പദ്ധതി. ഇത് പ്രാവര്‍ത്തികമായതോടെ കെ എസ് ഇ ബിയുടെ പ്രധാന സേവനങ്ങള്‍ ബന്ധപ്പെട്ട ഓഫീസിലെത്താതെ 1912 എന്ന കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പറിലേക്കുള്ള ഒറ്റ ഫോണ്‍ കോള്‍ വഴി ഉറപ്പാക്കാനാകും.

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ ഉദ്ഘാടനം എംഎല്‍എ കെ ദാസന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ ചേയര്‍പേഴ്‌സണ്‍ ശ്രീ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ടാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കവിത സ്വാഗതം പറഞ്ഞു. കൊയിലാണ്ടി സബ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ ഭാഗമായുള്ള ആദ്യ കണക്ഷന്‍ ചാലില്‍ പറമ്പില്‍ ശാലിനിക്ക് നല്‍കി. ഇതിന്റ സ്വീച്ച് ഓണ്‍ കര്‍മ്മം കെഎസ്ഇബി വടകര ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മഹിജ സി നിര്‍വ്വഹിച്ചു. കൊയിലണ്ടി സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന കൊയിലാണ്ടി നേര്‍ത്ത്, കൊയിലാണ്ടി സൗത്ത്, മേലടി, തിക്കോടി, അരിക്കുളം എന്നീ സെക്ഷന്‍ പരിധിയിലാണ് വാതില്‍ പടി സേവനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.

പദ്ധതി പ്രാവര്‍ത്തികമായതോടെ കൊയിലണ്ടി സബ് ഡിവിഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ വൈദ്യുതി കണക്ഷന്‍
ഉടമസ്ഥാവകാശം മാറ്റല്‍, കണക്ടഡ് ലോഡ് / കോണ്‍ട്രാക്ട് ലോഡ് മാറ്റം, താരിഫ് മാറ്റല്‍, വൈദ്യുതി ലൈന്‍-മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇനി കെ എസ് ഇ ബിയുടെ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല.

1912 എന്ന നമ്പറില്‍ വിളിച്ച് ഫോണ്‍നമ്പറും ആവശ്യവും രജിസ്റ്റര്‍ചെയ്താല്‍ വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ അപേക്ഷകരെ ബന്ധപ്പെടുന്നതാണ്. ആവശ്യമുള്ള രേഖകളെക്കുറിച്ച് അറിയിച്ചശേഷം സ്ഥലപരിശോധനാ തീയതി തീരുമാനിക്കും. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചുവാങ്ങും. വിവരങ്ങള്‍ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തി അടയ്ക്കേണ്ട തുക അടക്കമുള്ള വിവരങ്ങള്‍ അറിയിക്കും. ഓണ്‍ലൈനായി തുക അടയ്ക്കുമ്പോള്‍ സേവനം ലഭ്യമാകും. സേവനം ഉറപ്പാക്കുന്നതുവരെ ഉദ്യോഗസ്ഥമേല്‍നോട്ടവും ഉണ്ടാകും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക