‘കൃഷ്ണ കിരീടമേ നീ എങ്ങു പോയി’; തിരുവോണ നാളിൽ തൃക്കാക്കരയപ്പൻ്റെ നെറുകയിൽ ചൂടിയിരുന്ന കൃഷ്ണകിരീടം കാണാകാഴ്ചയാവുന്നു


പി.എസ്.കുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ഇത്തവണ ഓണമെത്തിയപ്പോഴും കണി കാണാനേ കിട്ടിയില്ല, ഓണത്തപ്പന്റെ നെറുകയിൽ ഗാംഭീര്യത്തോടെ നിന്നിരുന്ന കിരീട പൂവിനെ. പൂക്കളത്തിൽ നിന്ന് മാത്രമല്ല മലയാളിയുടെ മനസ്സിൽ നിന്നും അപ്രത്യക്ഷമായി. ഒരു കാലത്ത് പറമ്പുകളിലെ ചെറുകാടുകളിൽ കൂട്ടത്തോടെ പുത്തുലയുന്ന കൃഷ്ണകിരീടത്തെയാണ് പതിയെ പതിയെ കാണാതായത്.

തിരുവോണ നാളിൽ തൃക്കാക്കരയപ്പൻ്റെ നെറുകയിൽ ചൂടാനും കൃഷ്ണകിരീടമാണ് തെരുഞ്ഞെടുക്കാറുള്ളത്. ഒന്നര മീറ്റർ ഉയരത്തിൽ വരെകൃഷ്ണകിരീടം വളരുന്നു. കീരീട മാതൃകയിലുള്ള ഏക പുഷ്പമാണ് ഇത്. നാട്ടിൻപുറത്തു ഓണത്തപ്പനെ അണിയിച്ചു ഒരുക്കുന്നതിൽ മുഖ്യ ഘടകമായി ഈ പുഷ്പം മാറാൻ കാരണവും ഇതാണ്.ഈ പുഷ്പം വിരിഞ്ഞു തുടങ്ങി ആറു മാസത്തോളമെടുക്കും പൂവ് പൂർണമായും വിരിയാൻ. ഇത് കൊണ്ടാണ് കൃഷ്ണകിരീടത്തിന് ആറു മാസച്ചെടിയെന്ന വിളിപ്പേര് കൂടി കിട്ടിയത്.

ഇതുകൂടാതെ ഹനുമാൻകിരീടം, കൃഷ്ണ മുടി, കാവടി പൂവ്, പെഗോട എന്നീ പേരുകളിലും വിളിക്കാറുണ്ട്. കൃഷ്ണ കിരീടം പൂവിടുന്നതോടെ ചിത്രശലഭങ്ങൾ കൂട്ടത്തോടെ പറന്നെത്തും. വട്ടമിട്ട് പറന്ന് തേൻ നുകരുന്ന കാഴ്ച കാണാൻ കൗതുകകരമാണ്.

സാധാരണ പൂക്കളെ പോലെ ഒന്നോ രണ്ടോ ദിവസം കൊണ്ട് വാടാതെ ആഴ്ചകളോളം വാടാതെ നിൽക്കുന്നത്. കൃഷ്ണ കിരീടത്തിൻ്റെ പ്രത്യേകതയാണ്. ഭഗവാൻ കൃഷ്ണൻ്റെ നെറുകയിൽ കുചേലൻ കീരീടമായി ചൂടിയത് കൊണ്ടാണ് കൃഷ്ണകിരീടമെന്ന പേര് ഈ പുഷ്പത്തിന് ലഭിച്ചതെന്നും ഐതീഹ്യമുണ്ട്.

പൂവിളി പാട്ടുകളുമായി കാടും മേടും താണ്ടി പൂക്കൾ പറിക്കുന്ന മധുര നാളുകൾ വേഗത്തിൽ തിരികെ എത്തട്ടെയെന്നും അന്ന് കിരീടം ചൂടിയ രാജാവിനെ പോലെ തൊടിയിൽ പൂത്തുനിൽക്കുന്ന കൃഷ്ണകിരിടം വീണ്ടും നിറയട്ടെ എന്നുമാഗ്രഹിക്കാം.