കൃഷ്ണപ്രിയ ജോലിയ്ക്ക് കയറിയത് ഒരാഴ്ച മുമ്പ്; അമ്മയും അനുജനും രോഗിയായ അച്ഛനുമടങ്ങിയ കുടുംബത്തിന്റെ ഏക പ്രതീക്ഷ; തിക്കോടിയില്‍ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ്


തിക്കോടി: തിക്കോടിയില്‍ യുവാവ് ദേഹത്ത് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കൃഷ്ണപ്രിയ (22) രോഗിയായ അച്ഛനും അമ്മയും അനുജനും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്. ഒരാഴ്ച മുമ്പാണ് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റായി കൃഷ്ണപ്രിയ ജോലിയ്ക്ക് കയറിയത്. ഹൃദ്‌രോഗിയായ അച്ഛന് ജോലിയ്ക്ക് പോകാനാവില്ല. കുടുംബത്തിന്റെ അവസ്ഥകണ്ടാണ് പഞ്ചായത്തില്‍ താല്‍ക്കാലികമായി ജോലി നല്‍കിയതെന്നും ജമീല സമദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കൃഷ്ണപ്രിയയ്ക്ക് ജോലി കിട്ടിയപ്പോള്‍ വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമായിരുന്നു കുടുംബം. പുതിയതായി ജോലിയ്ക്ക് കയറിയ ആളായതിനാല്‍ പഞ്ചായത്ത് ഓഫീസില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ കൃഷ്ണപ്രിയയുമായി ജീവനക്കാര്‍ക്ക് വലിയ അടുപ്പമൊന്നുമായിട്ടില്ല. രാവിലെ തീപ്പൊള്ളലേറ്റ് കിടക്കുന്നത് കണ്ട് പലര്‍ക്കും ആദ്യം ആളെ പിടികിട്ടിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇന്നു രാവിലെ പത്തുമണിയോടെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ പ്രതിയായ നന്ദു ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംസാരിക്കാനെന്ന തരത്തില്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് പ്രതിയും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയും പ്രതിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.