തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിച്ച് സംഘപരിവാര്‍ പ്രചാരണം; നടപടി വേണമെന്ന് സി.പി.എം
കൊയിലാണ്ടി: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ ന്യൂസ് കൊലപാകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞത്. പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിന്റെ തീരുമാനത്തിലും കൊലപാതക ആസൂത്രണത്തിലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവര്‍ സഹായിച്ചിരുന്നുവെന്നതിന്റെ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
കൊല നടന്ന് നിമിഷങ്ങള്‍ക്കകം അവിടെയെത്തിയ ആര്‍.എസ്.എസുകാര്‍ അവനെ ചതിച്ചതു കൊണ്ടാണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും വിശദീകരിക്കാന്‍ കാണിച്ച ഉത്സാഹവും സംശയം ജനിപ്പിക്കുന്നതാണ്. ഇത്തരം പ്രചാരണം നടത്തിയവരെകൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
നേരത്തേ കൃഷ്ണപ്രിയയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടികളുടെ നിര്‍ണ്ണയാവകാശങ്ങളെ അംഗീകരിക്കാന്‍ മടിക്കുന്ന പുരുഷാധിപത്യ ബോധമെന്ന് കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി.കുഞ്ഞിക്കണ്ണന്‍ പറഞ്ഞിരുന്നു. പ്രണയം നിരസിക്കുന്നതിനെ ചതിയായി ചിത്രീകരിച്ചാണ് പ്രണയപ്പകയെന്ന പേരിട്ട് ഇത്തരം നിഷ്ഠൂരതകള്‍ക്ക് സാമൂഹ്യമായ സാധൂകരണമുണ്ടാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ആര്‍.എസ്.എസിന്റെ സ്ത്രീവിരുദ്ധമായ ഫാസിസ്റ്റ് ആശയ സ്വാധീനം സൃഷ്ടിച്ച ക്രൂരമായ ആണ്‍കോയ്മാ ബോധമാണ് കൃഷ്ണപ്രിയയുടെ ജീവനെടുത്തത്. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ തന്നെ ചതിച്ചവളെന്ന് ചിത്രീകരിച്ച് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ നന്ദു ആര്‍.എസ്.എസ് ശാഖകളിലെ പരിശീലനങ്ങളിലൂടെ ‘സ്ത്രീവിരുദ്ധമായ സദാചാര പൊലീസിങ്ങാ’ണ് പ്രണയമെന്നും തന്റെ പങ്കാളി താന്‍ വരയ്ക്കുന്ന ലക്ഷ്മണരേഖയ്ക്കകത്ത് മാത്രം ചലിക്കേണ്ടവളാണെന്നും തെറ്റിദ്ധരിച്ച ക്രിമിനലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം നടന്ന തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ ചാനലുകാരോട്, കൊലപാതകത്തിന് കാരണം പെണ്‍കുട്ടി അവനെ ചതിച്ചതാണ് എന്ന് സംഘപരിവാറുകാര്‍ വിളിച്ചുപറയാന്‍ കാണിച്ച ഉത്സാഹം ഒരുപാട് സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. അതിനാല്‍ തന്നെ കേവലം പകയ്ക്കപ്പുറം സമര്‍ത്ഥമായ സംഘപരിവാര്‍ ആസൂത്രണവും സഹായവും കൃഷ്ണപ്രിയയുടെ കൊലയ്ക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.