കൃഷി ഭൂമിയില്‍ ജണ്ട കെട്ടാന്‍ നീക്കം; കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലെ ചൂരണി നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ


കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, കാരിമുണ്ട പ്രദേശത്തു കൃഷി ഭൂമിയിൽ ജണ്ട കെട്ടാനുള്ള വനം വകുപ്പു നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണു വനം വകുപ്പ് സർവേ നടപടികൾ ആരംഭിച്ചത്. തെങ്ങോലിൽ ചാക്കോ, മഞ്ഞപ്പള്ളിൽ രവി, കുമ്പിളുമൂട്ടിൽ ജോസ്, പ്ലാക്കൽ ഔസേപ്പ്, ആലക്കൽ ബേബി എന്നിവരുടെ വീടും, പാലംപാറ വൽസമ്മ, മഞ്ഞപ്പള്ളിൽ പുഷ്പ, മഞ്ഞപ്പള്ളിൽ ഷൈൻ, മുള്ളൻചിറ വിൽസൻ, ആഞ്ഞിലിമൂട്ടിൽ ഇന്ദിര, കാഞ്ഞിരത്തിങ്കൽ തോമസ് ഉൾപ്പെടെയുള്ളവരുടെ കൃഷിസ്ഥലവും ജണ്ട കെട്ടൽ ഭീഷണിയിലാണ്.

പട്ടയം ലഭിച്ച ഭൂമിയാണ് ഏറെയും. 60 വർഷം മുൻപു കുടിയേറി താമസിച്ചവരാണു വീട്ടുകാർ. കാട്ടുമൃഗ ശല്യം കാരണം സ്ഥലം വിൽപന നടത്താൻ പോലും കഴിയില്ല. കോവിഡ് കാരണം ജോലിയും മറ്റു വരുമാനവും ഇല്ലാതെ കർഷകർ പ്രയാസപ്പെടുമ്പോൾ സ്ഥലം കയ്യേറി ജണ്ട കെട്ടാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള ശ്രമത്തിലാണു നാട്ടുകാർ.

നേരത്തെ അൻപതിലേറെ വീട്ടുകാർ ചൂരണി പ്രദേശത്തുണ്ടായിരുന്നു. റോഡോ വാഹന സൗകര്യമോ ഇല്ലാതെ വന്നതോടെ ഭൂരിപക്ഷം പേരും സ്‍ഥലം വിറ്റു മറ്റിടങ്ങളിലേക്കു താമസം മാറി. ഇതിനു കഴിവില്ലാത്ത പാവപ്പെട്ട കുറച്ചു വീട്ടുകാർ മാത്രമാണ് അവശേഷിക്കുന്നത്. ഇ.കെ. വിജയൻ എംഎൽഎ ഡിഎഫ്ഒയുമായി ചർച്ച നടത്തി നിയമസഭാ സമ്മേളനം കഴിയുന്നതു വരെ സർവേ നടപടികൾ നിർത്തി വച്ചിട്ടുണ്ട്.