കൂരാച്ചുണ്ടിലെ മണ്ണൂപ്പൊയില്‍ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം; നവീകരണ പ്രവൃത്തികള്‍ക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാര്‍ഡിലെ മണ്ണൂപ്പൊയില്‍ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. കെട്ടിട നവീകരണത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് ടി.എം ശശി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടം കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയാക്കി ഇവിടെ തൊഴില്‍ സംരംഭ യൂണിറ്റ് തുടങ്ങുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.കെ. ഹസീന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തൊഴില്‍ സംരംഭ യൂണിറ്റ് യാഥാര്‍ത്ഥ്യമായാല്‍ പ്രദേശത്തെ തൊഴില്‍ രഹിതരായ പതിനഞ്ചോളം സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെമ്പര്‍ പറഞ്ഞു.