കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്ന ആവശ്യം ശക്തം


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് കിഴക്കന്‍ പേരാമ്പ്ര എ പി ജെ ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. കിവക്കന്‍ മലയോര മേഖലകളിലെ ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്നത് കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തെയാണ്.

കിഴക്കന്‍ മലയോര പ്രദേശങ്ങളായ ചെമ്പ്ര, താന്നിയോട്, തണ്ടോറപ്പാറ, താന്നിക്കണ്ടി, ആവടുക്ക, കോക്കാട്, കരിമ്പിലമൂല തുടങ്ങിയ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ രോഗികള്‍ക്ക് ഉള്‍പ്പെടെ ഒരു ചെറിയ രോഗം വന്നാല്‍ പോലും ഏഴ് കിലോമീറ്റര്‍ അകലെയുള്ള താലൂക്ക് ആശുപത്രിയെയോ, സ്വകാര്യ ആശുപതികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കോവിഡ് കാലമായതിനാല്‍ മേഖലയില്‍ യാത്രാ ദുരിതവും രൂക്ഷമാണ്.

പ്രാധമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരെയും ലബോറട്ടറി എക്‌സ് – റെ സൗകര്യവും ഒരുക്കി നിലവിലുള്ള ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. ബാലകൃഷ്ണന്‍ ചായികുളങ്ങര അധ്യക്ഷത വഹിച്ചു .ഇബ്രാഹിം കല്ലാച്ചീമ്മല്‍, പ്രകാശന്‍ പന്തിരിക്കര, കെ സൂപ്പി, സലാം പുല്ലാക്കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.