കൂത്താളി പഞ്ചായത്തില്‍ ‘കദളിവനം’ പദ്ധതിക്ക് തുടക്കമായി


പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തില്‍ ‘കദളിവനം’ പദ്ധതിക്ക് തുടക്കമായി. വാഴകൃഷിയുടെ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിവഴി ആസൂത്രണം ചെയ്ത കദളിവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു പല്ലവി കുടുംബശ്രീ സെക്രട്ടറി ജയന്തി.കെയ്ക്ക് വാഴക്കന്ന്‌നല്‍കി നിര്‍വ്വഹിച്ചു.

പഞ്ചായത്തിലെ കുടുബശ്രീകള്‍ക്കാണ് വാഴകന്നുകള്‍ വിതരണം നടത്തുന്നത്. ഇതിലൂടെ കാര്‍ഷികമേഖലയിലേക്ക് വനിതകളുടെ മുന്നേറ്റം കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭവനില്‍ വച്ച് നടന്ന പരിപാടിയില്‍ കൃഷി ഓഫീസര്‍ അമല്‍.എസ്.ഡി പദ്ധതി വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നളിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി രാജശ്രീ.ടി.ആര്‍, സാവിത്രി ടീച്ചര്‍, സജീഷ്.കെ.പി, ബിന്ദു ടീച്ചര്‍, ഷൈനി ടീച്ചര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ സരള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയില്‍ കൃഷി അസിസ്റ്റന്റുമാരായ വിനീത സ്വാഗതവും നന്ദി സുനിതാകുമാരി നന്ദിയും പറഞ്ഞു.