കൂത്താളിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; രോഗവ്യാപനം കുറയ്ക്കാന്‍ നടപടിയുമായി പഞ്ചായത്ത്, വിശദാംശങ്ങള്‍ ചുവടെ


കുത്താളി: കൂത്താളി ഗ്രാമപഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. കാറ്റഗറി ബിയിലായിരുന്ന പഞ്ചായത്ത് രോഗബാധിതര്‍ കൂടിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കാറ്റഗറി സിയിലാണ് ഉള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ അവശ്യ സര്‍വ്വീസ് ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ അവശ്യ സര്‍വ്വീസുകളുടെ സമയം പുനര്‍ നിശ്ചയിച്ചതായും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. വ്യാപാരികളും തൊഴിലുറപ്പ് തൊഴിലാളികളും, ഡ്രൈവര്‍മാരും മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായി കൊവിഡ് ടെസ്റ്റിന് വിധേയരാകാനും നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അവശ്യ സര്‍വ്വീസുകളുടെ കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കൂടുല്‍ പേരെ ടെസ്റ്റിന് വിധേയരാക്കും. തൊഴിലുറപ്പ് പദ്ധതികള്‍ താല്ക്കാലികമായി നിര്‍ത്തിവെക്കാനും യോഗത്തില്‍ തീരുമാനിച്ചു. തൊഴിലുറപ്പ് പുനരാരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തൊഴിലാഴികള്‍ കൊവിഡ് ആര്‍ടിപിസിആര്‍ ടെസറ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.

കൂത്താളി പഞ്ചായത്തില്‍ തൊഴിലുറപ്പിന് പോകുന്ന ആയിരത്തി അഞ്ഞൂറോളം തൊഴിലാളികളെ ഇതിനകം കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ കുറഞ്ഞ ആളുകളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ടെസ്റ്റ് ക്യാമ്പുകളില്‍ ആളുകളുടെ പങ്കാളിത്തം കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 250 പേര്‍ക്കായി ടെസ്റ്റ് സംഘടിപ്പിക്കുമ്പോള്‍ 100 താഴെ ആളുകള്‍ മാത്രമാണ് ടെസ്റ്റിന് എത്തുന്നത്. ആളുകളെ ബോധവത്ക്കരിച്ച് ടെസ്റ്റിന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

നിലവില്‍ പഞ്ചായത്തിലെ രണ്ട്, എട്ട്, ഒമ്പത് എന്നീ വാര്‍ഡുകളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇവരെ ക്വാറന്റയിനിലാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം ടെസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൊവിഡ് ടോസ്റ്റുകളുടെ റിസള്‍ട്ട് പുറത്തു വന്നപ്പോള്‍ കുറഞ്ഞ ആളുകള്‍ക്കാണ് കൂത്താളിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാല് കാറ്റഗറിയായി സര്‍ക്കാര്‍ തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ടിപിആര്‍ നിരക്ക് 12 ശതമാനത്തിന് മുകളിലും 18 ശതമാനത്തില്‍ താഴെയുള്ളതുമായ പ്രദേശങ്ങളാണ് കാറ്റഗറി സി ല്‍ ഉള്‍പ്പെടുക. ഇവിടങ്ങളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. അവശ്യ സാധനങ്ങളുടെ കടകളല്ലാതെ മറ്റു സ്ഥാപനങ്ങള്‍ളൊന്നും തുറന്ന് പ്രവര്‍ത്തിക്കാനും അനുവാദമില്ല.