കൂട്ടബലാത്സംഗം നടന്ന ചേവരമ്പലത്തെ ഫ്‌ളാറ്റിനെതിരെ രണ്ടുമാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു; കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കോഴിക്കോട്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ചേവരമ്പലത്തെ ഫ്‌ളാറ്റിനെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നതായി കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് സമീപത്തെ റസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നെന്ന് കോര്‍പ്പറേഷനിലെ 16ാം വാര്‍ഡായ ചേവരമ്പലത്തെ കൗണ്‍സിലര്‍ സരിത പരയേരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
മിഴിയെന്ന റസിഡന്‍സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ഏതാണ്ട് രണ്ടുമാസം മുമ്പായിരുന്നു സംഭവം. അന്ന് അവിടെ ഇതിന്റെ പേരില്‍ ചില വഴക്കുകള്‍ നടന്നിരുന്നെന്നും അവര്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഫ്‌ളാറ്റിലെത്തുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
പരാതി നല്‍കിയിരുന്നകാര്യം മിഴിയുടെ പ്രസിഡന്റും പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സ്ഥിരീകരിച്ചു. ‘അന്ന് പൊലീസ് എത്തി അവിടുത്തെ ലഡ്ജര്‍ പരിശോധിച്ചിരുന്നു. 18 വയസിനു മുകളിലുള്ള പെണ്‍കുട്ടികളാണ് അവിടെ മുറിയെടുത്തതെന്നും നിയമപരമായാണ് ഫ്‌ളാറ്റ് നടത്തുന്നതെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും പറഞ്ഞ് പൊലീസ് മടങ്ങുകയാണ് ചെയ്തത്. പക്ഷേ ആ സംഭവത്തിനുശേഷമാണ് ഇതിനു മുമ്പില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതും പ്രദേശത്തെ മതിലുകളില്‍ ലൈറ്റ് സ്ഥാപിച്ചതും. അതിനു മുമ്പ് എല്ലാ ഭാഗവും ഷീറ്റുകൊണ്ട് മറച്ച് ഇരുട്ടായ നിലയിലായിരുന്നു.’
അതിനിടെ, ലോഡ്ജിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത ആരോപിച്ച് പൊലീസ് ലോഡ്ജ് അടച്ചുപൂട്ടിച്ചു. പ്രതികളുമായി തെളിവെടുപ്പിന് ഫ്‌ളാറ്റിലെത്തിയ പൊലീസ് അവിടുത്തെ രജിസ്റ്റര്‍ പരിശോധിച്ചിരുന്നു. ഒരുമാസത്തിനിടെ നൂറോളം പേര്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇതില്‍ വിദ്യാര്‍ഥികളടക്കമുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഫ്‌ളാറ്റ് അടച്ചുപൂട്ടിയത്.
കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രധാന പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെ.എ അജ്‌നാസ്, ഇടത്തില്‍ താഴംനെടുവില്‍ പൊയില്‍ എന്‍.പി വീട്ടില്‍ ഫഹദ് എന്നിവരെയാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പൊലീസ് അറസ്റ്റു ചെയ്തത്. ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ പ്രണയം നടിച്ച് അജിനാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജിനാസും ഫഹദും കൂടി ഫഹദിന്റെ കാറില്‍ ഫ്‌ളാറ്റിലെത്തിക്കുകയും ആദ്യം അജിനാസും പിന്നീട് കൂട്ടുപ്രതികളും ബലാത്സംഗം ചെയ്യുകയായിരുന്നു.
ക്രൂരപീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റു രണ്ടുപേരെ ശനിയാഴ്ചയും അറസ്റ്റു ചെയ്തു.