കൂടുകൂട്ടുവാൻ കൊളാവിപ്പാലത്തു കടലാമകളെത്തി, കൂട്ടുകൂടുവാൻ തീരം സംരക്ഷണ പ്രവർത്തകരും


വീണ്ടും കടലാമകളെത്തി കൂടുകൂട്ടുവാൻ,അവയെ സംരക്ഷിക്കുവാൻ ഒരുങ്ങി തീരം സംരക്ഷണ പ്രവർത്തകരും. ഒരു വർഷത്തെ ഇടവേളക്കു ശേഷമാണു കടലാമകൾ വീണ്ടും കൊളാവിപ്പാലത്തു എത്തുന്നത്. മണൽ തീരം ഇല്ലാത്തതിനാൽ കഴിഞ്ഞ കുറേ വർഷങ്ങളായി മുട്ടയിടാൻ എത്തുന്ന ആമകളുടെ എണ്ണം നന്നേ കുറവായിരുന്നു. കഴിഞ്ഞ വർഷം ഒരു ആമ പോലും എത്തിയിരുന്നില്ല.
ഇത്തവണ 126 മുട്ടകൾ ശേഖരിച്ച് ഹാച്ചറിയിൽ വിരിയാൻ വച്ചിരിക്കയാണ്.

ഏഴു തരം കടലാമകളാണുള്ളത്. അതിൽ ഏറ്റവും കുഞ്ഞനായ ഒലീവ് റിഡ്ലിയാണ് കൊളാവിപ്പാലത്തെ സന്ദർശകർ. മുക്കാല്‍ മീറ്ററോളം നീളവും 50 കിലോവരെ തൂക്കവുമുണ്ട്. പുറന്തോടിന് തവിട്ട് കലര്‍ന്ന ഇരുണ്ട പച്ചനിറമാണ്. ത്രികോണാകൃതിയിലുള്ള വലിയ തലയും കൈകാലുകളിലുള്ള നഖവും ഇവയെ തിരിച്ചറിയാന്‍ സഹായിക്കും. ഒരു പ്രാവശ്യം 40 മുതല്‍ 125 വരെ മുട്ടകളിടാറുണ്ട്. മത്സ്യങ്ങള്‍, ചെമ്മീനുകള്‍, ഞണ്ടുകള്‍, മറ്റ് കടല്‍ജീവികള്‍ എന്നിവയാണ് ഇവരുടെ ഭക്ഷണം. ഇവയുടെ മുട്ടയുടെ വ്യാസം കോഴിമുട്ടയ്ക്ക് തത്തുല്യമാണെങ്കിലും പുറം തോടിനു ഘനം തീരെ കുറവുമാണ് . ഒരാഴ്ചയോളം മണ്ണിൽ കിടന്നാണ് ഇവ ഉറയ്ക്കുന്നത്. പിന്നെ ഏകദേശം 45 മുതൽ 60 ദിനങ്ങൾ കൊണ്ട് സൂര്യന്റെ ചൂടേറ്റു മുട്ടകൾ വിരിയുകയായി.

കൊളാവി പാലത്തെ കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തീരം പ്രകൃതി സംരക്ഷണസമിതി പ്രവർത്തകർ ആമകൾക്ക് സുരക്ഷാ കവചം തീർത്തു സബ് ഇൻ സ്പെക്ടർ പി എം മുഹമ്മദ് സ്ഥലം സന്ദർശിച്ചു.

പെരുവണ്ണാമൂഴി റേഞ്ചിൽ നിന്ന് ഫോറസ്റ്റർ രാഘവൻ ഹാച്ചറി സന്ദർശിക്കുകയും സംര ക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. എം.ടി സുരേഷ് ബാബു, സി ദിനേശ് ബാബു, കെ സുരേന്ദ്ര ബാബു, സി സതീശൻ എന്നിവരാണ് തീരം പ്രകൃതി സംരക്ഷണ സമിതിയുടെ പ്രധാന പ്രവർത്തകർ. മണൽ തീരങ്ങളുടെ അഭാവം ആമകളുടെ വരവിനെ സാരമായി ബാധിച്ചിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.