കുവൈത്തില്‍ പയ്യോളി സ്വദേശിയുടെ പാസ്‌പോര്‍ട്ടും വീസയും കമ്പനി പിടിച്ചുവച്ചു; പരാതിയുമായി കുടുംബം


കോഴിക്കോട്: കുവൈത്തില്‍ കമ്പനി മുതലാളി ജീവനക്കാരുടെ അക്കൗണ്ട് വഴി നാട്ടിലേക്കു പണമയച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിന്റെ പാസ്പോര്‍ട്ടും വീസയും പിടിച്ചുവച്ചുവെന്ന പരാതിയുമായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം. കോട്ടയം സ്വദേശിയുടെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായ പയ്യോളി സ്വദേശി സുജേഷ് രാജഗോപാലന്റെ കുടുംബമാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നല്‍കി നീതിക്കായി കാത്തിരിക്കുന്നത്.

കോട്ടയം അതിരമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കുവൈത്തിലെ ഫ്യൂഷന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന കമ്പനിയിലെ ജീവനക്കാരനാണു സുജേഷ് രാജഗോപാലന്‍‍. ജനുവരിയില്‍ കമ്പനിയിലെ ചില ജീവനക്കാര്‍ക്കു നാട്ടിലേക്കു പണം അയക്കുന്നതിനു തടസം നേരിട്ടു. ജീവനക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്, ഉടമ പരിധിയിലധികം പണം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് അയച്ചതായിരുന്നു പ്രശ്നം. പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു അനധികൃത പണമയക്കല്‍. ഇതിനെ തുടര്‍ന്ന് സുജേഷും മറ്റു ചില ജീവനക്കാരും പണമിടപാട് സ്ഥാപനത്തിലെത്തി ബഹളം വച്ചു.

പ്രശ്നം പരിഹരിക്കാത്തതിനെ തുടര്‍ന്ന് സുജേഷ് കമ്പനിയിലെ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കമ്പനി പാസ്പോര്‍ട്ടും വീസ രേഖകളും വിട്ടു നല്‍കിയില്ല. ഇതിനിടയ്ക്കു വീസ കാലാവധി തീര്‍ന്നതോടെ പുറത്തിറങ്ങാന്‍പോലും കഴിയാതെയായി. കൂടാതെ സുജേഷ് ഒളിച്ചോടിയതായി കാണിച്ച് ഉടമ കുവൈത്ത് പൊലീസില്‍ പരാതിയും നല്‍കി. കള്ളപണം വെളുപ്പിക്കലാണു നടന്നതെന്നും ഇക്കാര്യം പുറത്തുപറഞ്ഞതോടെ സുജേഷിന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണു കുടുംബം പറയുന്നത്.