കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധം തെളിഞ്ഞു
തൃശ്ശൂര്‍: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം കൊടകരയില്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി. ബന്ധം സ്ഥിരീകരിച്ച് പോലീസ്. പണം കൊടുത്തുവിട്ട ധര്‍മ്മരാജന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്ന് തൃശ്ശൂര്‍ എസ്.പി. ജി.പൂങ്കുഴലി പറഞ്ഞു. ഇയാള്‍ക്ക് പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്ന് വ്യക്തം. സുനില്‍ നായിക്കില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.
കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധര്‍മ്മരാജന്‍ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധര്‍മ്മരാജന്റെ ഡ്രൈവറാണ് കൊടകര പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയതില്‍ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധര്‍മ്മരാജന് ബി.ജെ.പി. നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുനില്‍ നായിക്കിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ധര്‍മ്മരാജനുമായി വര്‍ഷങ്ങളായുള്ള ബിസിനസ് ബന്ധമാണെന്നാണ് സുനില്‍ നായിക് പോലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതിനിടെ കേസില്‍ ഒരു പ്രതികൂടി പോലീസിന്റെ പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. കേസില്‍ അഞ്ച് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്.