കുറ്റ്യാടി ജൂവലറി നിക്ഷേപത്തട്ടിപ്പ്: പരാതികള്‍ മുഴുവനും സബീറിന്റെ പേരില്‍; കുറ്റ്യാടി സ്‌റ്റേഷനില്‍ മാത്രം 188 പരാതികള്‍


കുറ്റ്യാടി : ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പിൽ കുറ്റ്യാടി പോലീസിന് ലഭിച്ച പരാതികൾ മുഴുവനും അറസ്റ്റിലായ മാനേജിങ് ‍ഡയറക്ടർ വി.പി സബീറിന്റെ പേരിലെന്ന് സി.ഐ. ടി.പി. ഫർഷാദ് അറിയിച്ചു. ജൂവലറിയിൽ നിക്ഷേപം സ്വീകരിച്ചു എന്നതിനു പകരമായി നൽകിയ രേഖകളിൽ സബീറിന്റെ പേരും ഒപ്പുമാണുള്ളത്. ഇതുവെച്ചാണ് നിക്ഷേപകർ പോലീസിന് പരാതി നൽകിയത്. മറ്റു പാർട്‌ണർമാരെ രേഖകൾ പരിശോധിച്ച് കണ്ടെത്തണം.

തുടർച്ചയായി പൊതു അവധികൾ വരുന്നത് പോലീസിന് തടസ്സമായിട്ടുണ്ട്. രജിസ്റ്റർ ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്കുകൾ, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് രേഖകൾ ലഭിക്കേണ്ടതുണ്ട്. കോടതി നിർദേശിച്ചാൽ പ്രതികളുടെ ആസ്തികൾ കണ്ടുകെട്ടി സമർപ്പിക്കുന്നതാണെന്നും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്ത സബീറിനെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.

നിക്ഷേപത്തട്ടിപ്പിൽ കുറ്റ്യാടി സ്റ്റേഷനിൽ ഇതുവരെ 188 പരാതിയാണ് ലഭിച്ചത്. ഗോൾഡ് പാലസ് ജൂവലറിയുടെ കുറ്റ്യാടി, കല്ലാച്ചി, പയ്യോളി, ശാഖകളിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. സമാനമായി പരാതികൾ നാദാപുരം, പയ്യോളി സ്റ്റേഷനുകളിലും ലഭിച്ചിട്ടുണ്ട്.

ഇതിനിടെ, കുറ്റ്യാടി മേഖലയിലെ നിക്ഷേപകർ ചേർന്ന് രൂപവത്കരിച്ച ആക്‌ഷൻ കമ്മിറ്റി അറസ്റ്റിലായ പ്രതിയുടെ നാടായ കുളങ്ങരത്താഴയിൽ യോഗം ചേർന്നത് നേരിയ വാക്കേറ്റത്തിൽ കലാശിച്ചു. വിവിധ പ്രദേശങ്ങളിൽനിന്നായി നിക്ഷേപത്തട്ടിപ്പിൽ കുടുങ്ങിയ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രതീക്ഷയോടെ യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്. എന്നാൽ, നാടിനെ അപമാനിക്കുന്നതിനാണ് പ്രദേശത്ത് യോഗം ചേർന്നതെന്നാരോപിച്ച് പ്രദേശത്തെ ചിലർ തടയുകയായിരുന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.