കുറ്റ്യാടി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; റോഡ് ഒലിച്ചുപോയി; ചുരംവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു


കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ചാത്തന്‍കോട് നടയുടെ ഭാഗത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി. മുളവട്ടം, ഇരുട്ടവളവ് എന്നീ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തൊട്ടില്‍പ്പാലത്തില്‍ നിന്നും രണ്ടരകിലോമീറ്റര്‍ അപ്പുറം റോഡില്‍ കല്ലും മണ്ണും അടിഞ്ഞുകൂടിയ നിലയിലാണ്. ഇതേത്തുടര്‍ന്ന് ഈ വഴി വയനാട്ടിലേക്കും തിരിച്ചുമുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഉരുള്‍പൊട്ടലില്‍ ചുരം റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പക്രന്തളം ചുരത്തില്‍ മണ്ണിടിച്ചലുമുണ്ടായി. മലയോര മേഖലയില്‍ അതിശക്തമായ മഴ തുടരുകയാണ്. ഉരുള്‍പൊട്ടലിനെ തൊട്ടില്‍പ്പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ട്. തൊട്ടില്‍പാലം പുഴയുടെയും സമീപത്തെ മറ്റു പുഴകളുടെയും സമീപത്ത് താമസിക്കുന്നവരോട് ജാഗ്രതപാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചാത്തന്‍കോട് മേഖലയില്‍ നിരവധി വീടുകളുണ്ട്. ഇവര്‍ നിലവില്‍ ഇവിടെ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ അവിടെ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.