കുറ്റ്യാടി ചുരം റോഡ്: കെ.എസ്.ടി.പി.ക്ക് കൈമാറും; റോഡ് നവീകരണത്തിന് 85 കോടി രൂപ അനുവദിച്ചു


കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിന്റെ വികസനസാധ്യത കണക്കിലെടുത്ത് അടുത്ത ഏഴുവര്‍ഷത്തേക്ക് റോഡിന്റെ ചുമതല കെ.എസ്.ടി.പി.ക്ക് തന്നെ കൈമാറുമെന്നും, ഉപരിതലം ബലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നവീകരണം താമസംകൂടാതെ നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ചുരം റോഡിന്റ നിലവിലെ സ്ഥിതി നേരില്‍ക്കണ്ട് വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. പത്താംവളവിലെ വ്യൂപോയന്റിലെത്തിയ മന്ത്രി വികസനസാധ്യത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പക്രംതളം തൊട്ടില്‍പ്പാലം കുറ്റ്യാടി വയനാട്ചുരം റോഡിന് കെഎസ്ടിപി 85 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. കുറ്റ്യാടി തൊട്ടില്‍പ്പാലം നിരവില്‍പ്പുഴ വരെയുള്ള 23 കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. നിലവില്‍ എംഡിആര്‍ കാറ്റഗറിയിലുള്ള റോഡ് 15 മീറ്റര്‍ വീതി കൂട്ടാന്‍ സ്ഥലമുടകള്‍ തയ്യാറായ സ്ഥിതിക്ക് നിലവിലുള്ള ഹെയര്‍പിന്‍ വളവുകളെല്ലാം വീതികൂട്ടി പുനര്‍നിര്‍മിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനായി വിശദപഠനവും രൂപകല്‍പ്പനയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. റോഡ് നവീകരണപ്രവൃത്തി നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.കെ വിജയന്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.

വയനാട്ടിലേക്കുള്ള ബദല്‍പ്പാതയെന്നനിലയില്‍ കുറ്റ്യാടി ചുരം റോഡിന് അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. വയനാട്ടിലെ ടൂറിസം വികസനത്തിന്നും ഈ റോഡിന്റെ നവീകരണം അവിഭാജ്യമാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചുരം റോഡ് പിന്നീട് കെ.എസ്.ടി.പി.ക്ക് കൈമാറുകയായിരുന്നു. കെ.എസ്.ടി.പി. ഏറ്റെടുത്തശേഷമാണ് റോഡ് ബലപ്പെടുത്തി ബിറ്റുമിനസ് മക്കാഡം ചെയ്ത് നവീകരിച്ചത്. കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരുവര്‍ഷം മുമ്പാണ് കെ.എസ്.ടി.പി.യില്‍നിന്ന് റോഡ് പൊതുമരാമത്ത് വകുപ്പ് തിരിച്ച് ഏറ്റെടുത്തത്.

ഇ.കെ. വിജയന്‍ എം.എല്‍.എ, കാവിലുമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. സുരേന്ദ്രന്‍, പി. ഗവാസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പിനെ പ്രതിനിധീകരിച്ച് എക്‌സി. എന്‍ജിനിയര്‍ ഹാഷിം, സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിഷ്ണുപ്രകാശ്, അസി. എക്‌സി. എന്‍ജിനിയര്‍ ഗഫൂര്‍, അസി. എന്‍ജീനിയര്‍ വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.