കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കരണ്ടോട് തൊടുവയില്‍ സബീലിനെയാണ് (33) ഇന്‍സ്പെക്ടര്‍ ടി.പി. ഫര്‍ഷാദ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ കേസിലെ മുഖ്യപ്രതികള്‍ അഞ്ച് പേരും അറസ്റ്റിലായി.ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്കി സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ചാണ് ഒമ്പത് വര്‍ഷം മുന്‍പ് ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങിയത്. ലാഭവിഹിതം കിട്ടാതെ വന്നതോടെയാണ് നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ ജ്വല്ലറിയില്‍ എത്തിയത്. ഇതോടെ ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു.
പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. അറുപത് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണു സൂചന.തട്ടിപ്പിനിരയായ 500ലേറെ പേരാണു പൊലീസില്‍ പരാതി നല്‍കിയത്.