കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറിയിലെ നിക്ഷേപകര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് മുസ്ലിം ലീഗ്


കുറ്റ്യാടി: കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ട മുഴുവന്‍ നിക്ഷേപകരുടെയും നിക്ഷേപം തിരിച്ചു ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സപ്തംബര്‍ 23ന് കുറ്റ്യാടിയില്‍ ധര്‍ണ്ണ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. കുറ്റ്യാടിയില്‍ നടന്ന യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു.

പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ചാണ് ഒമ്പത് വര്‍ഷം മുന്‍പ് ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങിയത്. ലാഭവിഹിതം കിട്ടാതെ വന്നതോടെയാണ് നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ ജ്വല്ലറിയില്‍ എത്തിയത്. ഇതോടെ ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങിയിരുന്നു. സംഭവത്തില്‍ മാനേജിങ് പാര്‍ട്ണര്‍ വടക്കേപറമ്പത്ത് സബീര്‍ (42), പാര്‍ട്ണര്‍മാരായ കരണ്ടോട് കച്ചേരി കെട്ടിയപറമ്പത്ത് ഹമീദ് (55), മീത്തലെ തയ്യുള്ളതില്‍ മുഹമ്മദ് (51) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജില്ലാ സെക്രട്ടറി സി.പി.എ അസീസ് അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി എന്‍.കെ മൂസ മാസ്റ്റര്‍, കെ.സി മുജീബ് റഹിമാന്‍, ആനേരി നസീര്‍, സി.കെ അബു, സി.എം അഹമ്മദ് മൗലവി, എം.എ കുഞ്ഞബ്ദുല്ല, ഒ.സി കരീം, കെ.കെ ഉമ്മര്‍, ഇ മുഹമ്മദ് ബഷീര്‍, എം.കെ അബ്ദുറഹിമാന്‍, ടി.കെ കുട്ട്യലി, ടി.പി ആലി, ഇ.കെ ഖാസിം, ടി.കെ കരീം, എ.വി നാസറുദ്ധീന്‍, ടി.കെ അഷറഫ്, പി.കെ മഹബൂബ്, ടി.കെ അജ്‌നാസ് ജിറാഷ് എന്നിവര്‍ സംസാരിച്ചു. സമിതി ഭാരവാഹികളായി ഇ മുഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍), എം.കെ അബ്ദുറഹിമാന്‍ (ജനറല്‍ കണ്‍വീനര്‍), ടി.കെ അഷറഫ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.