കുറ്റ്യാടിയ്ക്ക് അടുത്തുണ്ട് അടിപൊളി ഓഫ് റോഡും പിന്നെ ഉറിതൂക്കി മലയെന്ന കാഴ്ചകളുടെ കലവറയായ ഒരു വ്യൂപോയിന്റും


ഫ് റോഡിലൂടെയുള്ള യാത്രയും ഒടുവില്‍ വ്യൂ പോയിന്റില്‍ നിന്നും കാഴ്ചയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒന്നും നോക്കേണ്ട, ഉറിതൂക്കി മലയിലേക്ക് പോകാം. കോഴിക്കോട് ജില്ലയിലെ കൈവേലിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ പോയാല്‍ സ്ഥലത്തെത്താം. കുറേ കയറ്റങ്ങള്‍ക്കുശേഷം ഓഫ് റോഡിലൂടെ ഒന്നരകിലോമീറ്ററോളം അടിപൊളിയാത്ര. ഓഫ് റോഡ് അവസാനിക്കുന്നത് ഒരു റിസോട്ടിലാണ്. കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി ഈ റിസോട്ടിലും വ്യൂ പോയിന്റ് ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നുള്ള കോട പുതച്ച മലനിരകളുടെ കാഴ്ച അതി മനോഹരമാണ്.

അത് കഴിഞ്ഞാല്‍ പാറക്കെട്ടുകളില്‍ കൂടിയുള്ള നടത്തമാണ്. കാട്ടില്‍കൂടെ തന്നെയാണ് യാത്രയെന്ന് വേണമെങ്കില്‍ പറയാം. ഒരു സൈഡില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ ഇലക്ട്രിക് കമ്പി ഘടിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയാണ്. സ്പര്‍ശിക്കുന്നത് അപകടത്തിനിടയാക്കും. മറുവശം ഒരു കൊക്കയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും.

പഴശ്ശിരാജയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ കുന്ന്. പഴശ്ശി ഭക്ഷണം സൂക്ഷിച്ചിരുന്ന കുന്നാണ് ഉറിതൂക്കിമലയെന്നാണ് പ്രാദേശിക ചരിത്രം പറയുന്നത്. സമുദ്രനിരത്തില്‍ നിന്നും രണ്ടായിരം അടിയോളം ഉയരത്തിലാണ് ഈ രണ്ട് മലകളും.

ഉറിതൂക്കി മലയുടെ ഏറ്റവും മുകളില്‍ അതിമനോഹരമായ കാഴ്ച തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. കോഴിക്കോട്ടുകാര്‍ക്ക് കോവിഡ് കാലത്ത് അധികദൂരം യാത്ര ചെയ്യാതെ തന്നെ മനസിനെ കുളിരണിയിപ്പിക്കാന്‍ പറ്റിയൊരിടമാണ് ഉറിതൂക്കിമലയെന്നതില്‍ ഒരു സംശയവുമില്ല. വൈകുന്നേരമാണ് പോകുന്നതെങ്കില്‍ അധികം ഇരിട്ടും മുമ്പ് തന്നെ ഇവിടെ നിന്ന് തിരിച്ചുവരാന്‍ ശ്രദ്ധിക്കണം. വനമേഖലയായതിനാല്‍ വന്യമൃഗശല്യം ഉണ്ടാവാനിടയുണ്ട്.