കുറ്റ്യാടിയിൽ വച്ച് ബൈക്കും പണവും കവർന്ന പേരാമ്പ്ര സ്വദേശി പ്രതി രണ്ടര വർഷത്തിനു ശേഷം പിടിയിൽ
കുറ്റ്യാടി: കലക്ഷൻ ജീവനക്കാരനെ കാറിടിച്ചുവീഴ്ത്തി ബൈക്കും ഏഴേമുക്കാൽ ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യസൂത്രധാരൻ രണ്ടര വർഷത്തിനുശേഷം കായംകുളത്ത് പിടിയിൽ. പേരാമ്പ്ര സ്വദേശി നൗഷാദിനെയാണ് (35) കുറ്റ്യാടി സി.ഐ ടി.പി ഫർഷാദ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കായംകുളത്തെ ലോഡ്ജിൽവച്ചാണ് കായംകുളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
2019 ലാണ് കേസിനാസ്പദമായ സംഭവം. കലക്ഷൻ ഏജന്റായ കായക്കൊടി ചങ്ങരംകുളം സ്വദേശി അനൂപ് പിരിച്ചെടുത്ത 7,76,800 രൂപ വടകരയിലെ ബാങ്കിൽ നിക്ഷേപിക്കാൻ ബൈക്കിൽ പോകവേ വേളം കാക്കുനിയിൽവച്ച് കാറിലെത്തിയ നൗഷാദും സംഘവും ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം ബൈക്ക് കവർന്നു. അനൂപിനെ കാറിൽ കയറ്റി കൈവശമുണ്ടായിരുന്ന പണം അപഹരിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചു.
സംഭവത്തിൽ കൂട്ടുപ്രതികളായ അൻവർ സാദത്ത്, അബ്ദുല്ല, നൗഫൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. സൂത്രധാരനായ നൗഷാദ് ഒളിവിലായിരുന്നു. നിരവധി കവർച്ചാകേസിൽ പ്രതി കൂടിയാണ് നൗഷാദെന്ന് സി.ഐ ഫർഷാദ് പറഞ്ഞു. എസ്.ഐ ബാബു, എ.എസ്.ഐ രാജഗോപാലൻ, സീനിയർ സി.പി.ഒമാരായ സദാനന്ദൻ, രതീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.