കുറ്റ്യാടിയിൽ മരംകൊള്ള; പട്ടയഭൂമിയില്‍ നിന്ന് തേക്കുമരം മുറിച്ച് കടത്തി


കുറ്റ്യാടി : വിവാദ മരംമുറി ഉത്തരവിന്റെ മറവിൽ കുറ്റ്യാടി വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് തേക്കുമരം മുറിച്ചുകടത്തിയതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. എടവൻതാഴെ കോളനിക്കടുത്തുള്ള പോതുകുനി പുഴയ്ക്ക് സമീപത്തെ പട്ടയഭൂമിയിലെ മൂന്ന് പ്ലോട്ടുകളിൽനിന്ന് എട്ടു തേക്കുകളാണ് മുറിച്ചുകടത്തിയത്.

റവന്യൂവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരേ കുറ്റ്യാടി വനം റെയ്‌ഞ്ച് അധികൃതർ കേസെടുത്തു. വടയം കവളപ്പറമ്പത്ത് കെ.കെ. ഉഷ, ഇടമണ്ണിൽ മാമി, ഊരത്തെ എടവൻതാഴെകൊച്ചിലാണ്ടി അലി എന്നിവർക്കെതിരേയാണ് കേസെടുത്തത്.

മുറിച്ചതിൽ ആറെണ്ണവും വർഷങ്ങൾ‌ വളർച്ചയുള്ള വിലകൂടിയ തേക്കുമരങ്ങളാണ്. ജനുവരിയിലാണ് കച്ചവടമുറപ്പിച്ച് ഇവ മുറിച്ചുകൊണ്ടുപോയതെന്ന് കർഷകർ പറഞ്ഞു. വിവാദ ഉത്തരവിന്റെ മറവിൽ വയനാട്ടിൽനിന്ന് വ്യാപകമായി മരംമുറിച്ചു കടത്തിയ സംഭവത്തെ തുടർന്നാണ് റവന്യൂ വകുപ്പ് എടവൻതാഴെ കോളനിക്കടുത്ത പട്ടയഭൂമിയിൽ പരിശോധന നടത്തിയത്. കോഴിക്കോട് ജില്ലയിൽ ഒരിടത്തും മരംമുറി നടന്നിട്ടില്ലെന്ന അധികാരികളുടെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.