കുറ്റ്യാടിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് കടിയേറ്റു


കുറ്റ്യാടി: കുറ്റ്യാടിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ക്കാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ കടിയേറ്റത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

കുറ്റ്യാടി ടൗണിലെ വിവിധ ഭാഗങ്ങളിലായി വച്ചാണ് ആളുകളെ പേപ്പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ പട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സാരമായി പരുക്കേറ്റ ആറുപേരെയും കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. ഗോലാക്ക് (22), നാണു (65), അമല്‍രാജ് (23), സുധാകരന്‍ (60), മുഹമ്മദ് (26), മോഹനന്‍ (50) എന്നിവര്‍ക്കാണ് കടിയേറ്റത്. സാരമായി പരുക്കേറ്റ ആറുപേരെയും കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിയുടെ ആക്രമണം നടന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.