കുറ്റ്യാടിയില്‍ നിക്ഷേപ തട്ടിപ്പ്; സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്, നിക്ഷേപകരിലേറെയും കുറ്റ്യാടി, നാദാപുരം മേഖലയിലുള്ളവര്‍, ജ്വല്ലറി ഉടമകള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌


പേരാമ്പ്ര: കുറ്റ്യാടി, പയ്യോളി, കല്ലാച്ചി എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകള്‍ നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്ന് പരാതി. ഇടപാടുകാർ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരിച്ചുലഭിക്കുന്നില്ലെന്നാരോപിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്.

വ്യാഴാഴ്ചയാണ് കല്ലാച്ചി സംസ്ഥാന പാതയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ എത്തി ഇടപാടുകാരാണ് പണം തിരികെ ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. പത്തു പവന്‍ മുതല്‍ ഒരു കിലോവരെ സ്വര്‍ണവും, ലക്ഷക്കണക്കിന് രൂപയും നിക്ഷേപിച്ചവരുണ്ട്. നാദാപുരം, കുറ്റ്യാടി മേഖലയിലുള്ളവരാണ് നിക്ഷേപകരില്‍ ഏറെയും. പയോളി, കുറ്റ്യാടി എന്നിവിടങ്ങല്‍ ജ്വല്ലറി തുറക്കാതായതോടെയാണ് കല്ലാച്ചി ശാഖയിലേക്ക് നിക്ഷേപകര്‍ വ്യാഴാഴ്ച രാവിലെ എത്തി പണം തിരികെ ആവശ്യപ്പെട്ടത്.

ആദ്യമെത്തിയ കുറച്ചുപേര്‍ക്ക് രേഖ പ്രകാരമുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കി ജ്വല്ലറിയിലുണ്ടായിരുന്ന മാനേജറും മറ്റും തിരിച്ചയച്ചതായി ജീവനക്കാര്‍ പറഞ്ഞു. ജ്വല്ലറിയിലെത്തുന്നവരുടെ എണ്ണം കൂടിയതോടെ ജീവനക്കാരറിയാതെ മാനേജരും നടത്തിപ്പുകാരും സ്ഥലം വിടുകയായിരുന്നു. ഇതോടെ ജ്വല്ലറിയില്‍ ബഹളമായി. കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ ജീവനക്കാര്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാരെ ഇടപാടുകാരില്‍ നിന്ന് രക്ഷിച്ച്‌ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉടമകളെ ഫോണില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും എല്ലാവരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്. ഇതിനിടെ പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള നിക്ഷേപകരും സ്റ്റേഷനിലെത്തി. വെള്ളിയാഴ്ചയും പണം നിക്ഷേപിച്ച സത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ജ്വല്ലറിയിലെത്തി. എന്നാല്‍, സ്ഥാപനം അടഞ്ഞുകിടക്കുന്നതിനാല്‍ നിരാശയോടെ മടങ്ങി.

സംഭവത്തില്‍ കരണ്ടോട് സ്വദേശി മാജിദയുടെ പരാതിയില്‍ മാനേജിങ് പാര്‍ട്ണറായ വടയം സ്വദേശി കബീറിനെതിരെ കുറ്റ്യാടി പൊലീസ് കേസ് എടുത്തു. ജ്വല്ലറിയിലെ സേഫില്‍ ആഭരണങ്ങള്‍ ഉണ്ടെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. സേഫിന്റെ താക്കോല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം കുറ്റ്യാടി സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.