കുറ്റ്യാടിയിലെ പ്രതിഷേധത്തിൽ സി.പി.എം നടപടി; ലോക്കൽ കമ്മിറ്റി പിടിച്ചുവിട്ടു, രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി


കോഴിക്കോട്:സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടി. സി പി എം കുറ്റ്യാടി ലോക്കൽ കമ്മറ്റി പിരിച്ചുവിട്ടു. അഡ്ഹോക് കമ്മറ്റിയെ നിയമിക്കാൻ തീരുമാനമായി. കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി പി എം കുന്നുമ്മൽ ഏരിയ കമ്മറ്റി അംഗവുമായ കെ പി ചന്ദ്രി, ഏരിയ കമ്മറ്റി അംഗം ടി കെ മോഹൻ ദാസ് എന്നിവരെ ഏരിയ കമ്മറ്റിയിൽ നിന്ന് പുറത്താക്കി

പരസ്യമായി പ്രകടനം നടത്തൽ കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നിവയിലാണ് നടപടി.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സ്ഥാനാർത്ഥിത്വത്തിനായി പ്രകടനം നടത്തിയവർ തന്നെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ജില്ല കമ്മറ്റിയുടെ നിരീക്ഷണം. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പഞ്ചായത്തായ കുറ്റ്യാടിയിലെ ലീഡ് 42 വോട്ട് മാത്രമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് അന്ന് പ്രതിഷേധ ജാഥയിൽ പങ്കെടുത്തത്.