‘കുറുവ’ കൊള്ളസംഘം കോഴിക്കോട്; മതിയായ കാരണമില്ലാതെ രാത്രി നഗരത്തില്‍ കണ്ടാല്‍ നടപടി, അടിയന്തര ഘട്ടങ്ങളില്‍ 0495 2721697 നമ്പറില്‍ പോലീസുമായി ബന്ധപ്പെടാം


കോഴിക്കോട്: കേരളത്തിലും തമിഴ്നാട്ടിലും മോഷണങ്ങൾ നടത്തി കുപ്രസിദ്ധി നേടിയ ‘കുറുവ’ സംഘം നഗരത്തിൽ ഇറങ്ങിയെന്ന സംശയത്തിൽ രാത്രി വാഹനപരിശോധന ശക്തമാക്കി പൊലീസ്. മതിയായ കാരണമില്ലാതെ രാത്രി നഗരത്തിൽ കണ്ടാൽ നടപടിയെടുക്കും. സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർമാരുടെ യോഗത്തിലാണു തീരുമാനം. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറുവ സംഘം മോഷണം നടത്തിയിരുന്നു. സംഘത്തിലുള്ള ആളുകളെ പൊലീസ് പിടികൂടുകയും ചെയ്തു.

എന്നാൽ അവരെക്കൂടാതെ മറ്റൊരു സംഘവും നഗരത്തിൽ എത്തിയിട്ടുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. രാത്രികളിൽ വീട് ആക്രമിച്ച് മോഷണം നടത്തുന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള കുറുവ സംഘത്തിന്റെ രീതി. വാതിൽ അടിച്ചു തകർത്തു വീടുകളിൽ അതിക്രമിച്ചു കയറുന്ന കുറുവ സംഘം മോഷണത്തിനിടയിൽ വീട്ടുകാരെ ക്രൂരമായി ആക്രമിക്കാനും മടിക്കാറില്ല. പൊലീസ് പരിശോധന കർശനമാക്കുന്നതു കൂടാതെ, വ്യാപാരികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹായത്തോടെ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.

റോഡിൽ പ്രധാന ജംക്‌ഷനുകളിൽ പൊലീസിന്റെ ക്യാമറ പ്രവർത്തിക്കുന്നുണ്ട്. രാത്രി 12നു ശേഷം റോഡിൽ സംശയാസ്പദമായ രീതിയിൽ കാണുന്നവരുടെ ഫോട്ടോ ആവശ്യമെങ്കിൽ പൊലീസ് പകർത്തി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് (ഡിസിആർബി) കൈമാറും. 0495 2721697 അടിയന്തരഘട്ടങ്ങളിൽ ഏതു സമയത്തും പൊലീസുമായി ബന്ധപ്പെടാം. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും റോഡിൽ കണ്ടാലും പൊലീസിനെ അറിയിക്കാം. കൺട്രോൾ റൂം 0495 2721697