കുറുവങ്ങാട്ടെ ‘മാലിന്യ കേന്ദ്രം’ ക്ലീനായി; പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ.ഷിജു


കൊയിലാണ്ടി: കുറുവങ്ങാട് റോഡരികിൽ നിക്ഷേപിച്ച മാലിന്യ കൂമ്പാരം നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊയിലാണ്ടി താമരശ്ശേരി പാതയോരത്തെ കുറുവങ്ങാട് പ്രദേശവാസികളെ അസ്വസ്ഥമാക്കിയ ഒന്നായിരുന്നു നാല് സ്ഥലങ്ങളിലായി കുമിഞ്ഞുകൂടിയ മാലിന്യം. നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് ബൂത്തുകളോട് ചേർന്നു മാലിന്യം കൊണ്ടിടുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

തന്റെ മാലിന്യം താൻതന്നെ സംസ്കരിക്കണമെന്ന തത്വം മറന്നവരാണ് ഇത്തരത്തിൽ നിയന്ത്രണമില്ലാതെ പൊതു ഇടത്തിൽ മാലിന്യം തള്ളുന്നത്. മഹാമാരിയുടെ കാലത്ത് അശ്രദ്ധമായ മാലിന്യ നിക്ഷേപം മറ്റ് പകർച്ച വ്യാധികൾക്ക് കാരണമായേക്കും. സംസ്ഥാന പാതയിൽ നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് ബൂത്തുകൾ താൽക്കാലികമായി എടുത്തു മാറ്റി ഉത്തരവാദിത്തമുള്ള പുതിയ ഇടം കണ്ടെത്തി സ്ഥാപിക്കുമെന്നാണ് നഗരസഭ പറയുന്നത്.

പ്ലാസ്റ്റിക് ബൂത്ത് മാറ്റുകയും മാലിന്യ കൂമ്പാരം ഒഴിവാക്കുകയും ചെയ്തിട്ടും ഇവിടെ മാലിന്യ കിറ്റുകൾ വീണ്ടും എത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കർശനമായി പ്രതിരോധിക്കണമെന്നും ഒറ്റക്കെട്ടായി ഇത്തരം രീതികൾ ചെറുക്കാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു പറഞ്ഞു.