കുരുന്നുകള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക്; സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; ഒരുക്കങ്ങളെല്ലാം സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി


കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് വീണ്ടും തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികളെല്ലാം സജ്ജമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളുള്ള സ്‌കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സ്‌കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ പൂര്‍ണ്ണമായും ഭാഗികമായും മുടങ്ങിയ സ്‌കൂള്‍ കാലമാണ് ഇപ്പോള്‍ തിരികെ വന്നിരിക്കുന്നത്. കോവിഡ് നാലാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നുണ്ടെങ്കിലും മുന്‍പുണ്ടായ തരംഗങ്ങളുടെ അത്ര രൂക്ഷമാകില്ല എന്നാണ് കരുതപ്പെടുന്നത്.