കുത്തനയുള്ള പാറയ്ക്ക് നടുവിലൂടെ പടവുകള്‍, മുകളിലെത്തിയാലോ പച്ചപ്പട്ട് വിരിച്ചത് പോലെ; മനംമയക്കും പ്രകൃതി സൗന്ദര്യമൊരുക്കി ചക്കിട്ടപാറയിലെ കൊത്തിയപാറ, ദൃശ്യങ്ങള്‍ കാണാം
പേരാമ്പ്രയ്ക് അടുത്ത് പന്തിരിക്കരയില്‍ നിന്നും ചക്കിട്ടപ്പാറക്ക് പോകുന്ന വഴിയിലാണ് കൊത്തിയപാറ സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ഒരു പാറകെട്ടും അതിനോട് ചേര്‍ന്ന് നയനാന്ദകരമായ പ്രകൃതി ഭംഗിയുമാണ് കൊത്തിയപാറ ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. വിശാലമായ പാറക്കെട്ടില്‍നിന്ന് വൈകുന്നേരങ്ങളിലെ കാറ്റേറ്റ് അകലേക്ക് നോക്കിയാല്‍ മനംമയക്കും പ്രകൃതിസൗന്ദര്യം കാണാം. ജൈവവൈവിധ്യത്താലും സമ്പന്നമാണീ മേഖല.
കുത്തനെ ഉള്ള ഭീമാകാരമായ പാറയും അതിന്റെ മുകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊത്തി ഉണ്ടാക്കിയ പടവുകളും അതിശയിപ്പിക്കുന്ന കാഴ്ചയാണ്. പാറക്കെട്ടുകളുടെ താഴ്ഭാഗത്ത് മുകളിലേക്കുകയറാന്‍ പടികള്‍ കൊത്തിവച്ചതിനാലാണ് പ്രദേശവാസികള്‍ ഇതിനെ കൊത്തിയപാറയെന്ന് വിളിക്കാന്‍ കാരണമെന്ന് പറയുന്നു.
പാറയുടെ കുത്തനെയുള്ള ഭാഗത്ത് കൂടെ ഉള്ള സഞ്ചാരം അത്യന്തം ആവേശകരവും സാഹസികവും ഭയം നിറഞ്ഞതുമാണ്. എന്തായാലും ഒരു പ്രവശ്യമെങ്കിലും ആസ്വദിക്കേണ്ടത് തന്നെയാണ് കൊത്തിയപാറയിലെ സാഹസിക യാത്ര.
ചക്കിട്ടപാറയില്‍നിന്ന് ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചാല്‍ കൊത്തിയപാറയിലെത്താം. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലെ പട്ടാണിപ്പാറയില്‍നിന്നും മുടിയന്‍ചാല്‍ റോഡില്‍ യാത്രചെയ്താലും ഇവിടേക്ക് എത്താനാകും. പേരാമ്പ്ര-പൈതോത്ത് റോഡ് വഴിയും ഇവിടേക്ക് വരാനാകും.
പടികള്‍ കൊത്തിയതിനുസമീപം ഏതാനും വാക്കുകളും കൊത്തിയെടുത്തതായി കാണാം. എഴുത്തിനെപ്പറ്റി കേട്ടറിഞ്ഞും പലരുംകാണാന്‍ ഇവിടെയെത്താറുണ്ട്. അടുത്തിടെ പുരാവസ്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പാറയില്‍ കല്‍പ്പടവ് കൊത്തിവെപ്പിച്ച വ്യക്തിയുടെ പേരും കൊല്ലവുമാണ് ഇതിലെ പരാമര്‍ശമെന്നാണ് പുരാവസ്തുവകുപ്പിലെ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജ് വ്യക്തമാക്കിയത്. മലയാളമെഴുതാന്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന കോലെഴുത്ത് ലിപിസമ്പ്രദായത്തില്‍ എഴുതിയതാണിത്. 19-ാം നൂറ്റാണ്ടുവരെ ഈ ലിപി ഉപയോഗിച്ചിരുന്നു.
പെരുവണ്ണമൂഴി ഡാം ടൂറിസംകേന്ദ്രത്തിന് അടുത്ത് ചക്കിട്ടപാറ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് പ്രദേശമാണ് കൊത്തിയപാറ.
വര്‍ഷംതോറും ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്ന മേഖലയാണിത്. അവര്‍ക്കെല്ലാം സന്ദര്‍ശിക്കാവുന്ന സ്ഥലമെന്ന സാധ്യതയും കൊത്തിയപാറയ്ക്കുണ്ട്.
റോഡിലൂടെ വാഹനത്തില്‍ എളുപ്പം എത്തിപ്പെടാവുന്ന മേഖലയാണിത്. വിശ്രമിക്കാനുള്ള ചെറിയ സ്ഥലങ്ങളൊരുക്കിയും അപായം ഒഴിവാക്കാന്‍ കൈവരികള്‍ സ്ഥാപിക്കുകയുമൊക്കെചെയ്താല്‍ സഞ്ചാരികള്‍ക്ക് സൗകര്യമാകും.