കുട്ടികൾക്ക് കളിക്കാൻ സ്ഥലമില്ല; സ്വന്തമായി സ്ഥലം വാങ്ങി കളിസ്ഥലം നിർമ്മിക്കാനൊരുങ്ങി കൊടക്കാട്ടുമുറിക്കാർ


കൊയിലാണ്ടി: കുട്ടികള്‍ക്ക് കളിച്ചു വളരാന്‍ ഒരു പൊതു കളി സ്ഥലം പോലുമില്ലാത്തത്തിന്റെ കുറവ് മറികടക്കാനുളള ശ്രമത്തിലാണ് കൊടക്കാട്ടും മുറി ഗ്രാമ വാസികള്‍. സ്വന്തമായി സ്ഥലം വിലയ്ക്ക് വാങ്ങി ഒരു പൊതു കളിസ്ഥലവും കായിക പരിശീലന കേന്ദ്രവും സ്ഥാപിക്കാനൊരുങ്ങുകയാണ് ഇവര്‍. ഒരു കാലത്ത് വോളീബോള്‍ കളിക്കാരുടെയും മേളകളുടെയും കേന്ദ്രമായിരുന്ന അകലാപ്പുഴയോരത്തെ കൊടക്കാട്ടും മുറിയെന്ന ഗ്രാമം.

കൊയ്ത്തുപാടങ്ങളായിരുന്നു കളിക്കളങ്ങള്‍. വേനലില്‍ വറ്റി വരളുന്ന പാടങ്ങളില്‍ സ്മാഷുകളടിച്ചും പന്തുകള്‍ തട്ടിക്കളിച്ചും ഗ്രാമത്തിലെ കുട്ടികള്‍ വളര്‍ന്നു. പലരും അറിയപ്പെടുന്ന കായികതാരങ്ങളായി. കൊയ്ത്തു പാടങ്ങള്‍ നികത്തപ്പെടുകയും, ഇല്ലാതാവുകയും ചെയ്തതോടെ ഗ്രാമീണമേഖലയിലെ കളിക്കളങ്ങളും ക്രമേണ അപ്രത്യക്ഷമായി.

കായിക പ്രേമികള്‍ക്കാകെ ഇത് നിരാശ പടര്‍ത്തി. കൊടക്കാട്ടുംമുറിയുടെ കായിക പ്രതാപം തിരിച്ചു പിടിക്കണമെന്ന ലക്ഷ്യവുമായി കായിക പ്രേമികളായ ഒരു സംഘം യുവാക്കളാണ് വീവണ്‍ കലാസമിതിയുടെ നേതൃത്വത്തില്‍ ഒരു പൊതു കളി സ്ഥലം സജ്ജമാക്കാനുളള ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. സ്വന്തമായോരു കളിസ്ഥലത്തിനായുളള അന്വേഷണത്തിനൊടുവില്‍ 27 സെന്റ് സ്ഥലം കണ്ടെത്തി. സ്ഥലത്തിന് മാത്രം ഏകദേശം പതിനേഴര ലക്ഷം രൂപയോളമാവും.

ഇതിനുളള തുക സമാഹരിക്കാനുളള തിരക്കിലാണ് ഗ്രാമത്തിലെ യുവാക്കള്‍. മാസ്സ് നറുക്ക് കുറി, സമ്മാന കൂപ്പണ്‍, വ്യക്തിഗത സംഭാവനകള്‍ എന്നിവയിലൂടെയുള്ള ഫണ്ട് ശേഖരണം തുടങ്ങിക്കഴിഞ്ഞു. കെ.ദാസന്‍ എം.എല്‍.യെും കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ടും വാര്‍ഡ് കൗണ്‍സിലര്‍മാരു ഗ്രാമ വാസികളോടൊപ്പമുണ്ട്. രാഷ്ട്രീയഭേദം മറന്ന് നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ കായികപ്രേമികളാകെ വലിയ പ്രതീക്ഷയിലാണ്.

വെറുമൊരു കളിക്കളത്തിനുമപ്പുറം പോലീസ്, മിലിറ്ററി എന്നീ മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്കുള്ള സ്ഥിരം പരിശീലന വേദിയായും നാടന്‍ കലാമേളകളുടെ സംഗമ വേദിയായും ഈ കളിക്കളത്തെ ഉപയോഗിക്കാനാണ് കമ്മിറ്റി ആലോചിക്കുന്നത്. സര്‍ക്കാര്‍ കായിക വകുപ്പില്‍ നിന്നും ജില്ലാ വോളീബാള്‍ അസോസിയേഷനില്‍ നിന്നും കാര്യമായ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍.

കൊയിലാണ്ടി നഗരസഭയിലെ നാലാം വാര്‍ഡില്‍ തയ്യില്‍ വളപ്പില്‍ ഭാഗത്ത് കളിസ്ഥലത്തിന് യോജിച്ച സ്ഥലം കണ്ടെത്തുകയും ജനകീയ കമ്മറ്റി രൂപവല്‍ക്കരിച്ച് സ്ഥലം വാങ്ങുവാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭ കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ പറഞ്ഞു. വളരെ ആവേശത്തോടു കൂടിയാണ് നാട്ടുകാര്‍ ഈ സാരംഭത്തെ ഏറ്റെടുക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു കുട്ടികള്‍ക്ക് കളിച്ചു വളരാന്‍ ഒരു മൈതാനവും കായിക പരിശീലനകേന്ദ്രവും ആരംഭിക്കുകയെന്നുളളത്.

കായികക്ഷമതയും മാനസികാരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് കളിക്കളങ്ങള്‍ അനാവാര്യമാണ്. കായിക പ്രേമികളുടെ സഹകരണത്തോടെ കൊടക്കാട്ടുംമുറിയില്‍ ഈ സ്വപ്നം സഫലമാക്കാന്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് വീ വണ്‍ ലൈബ്രറി ആന്റ് കലാസമിതി സെക്രട്ടറി കെ.വിനീഷ് പറഞ്ഞു.