കുട്ടികൾക്ക് ഇനി അറിവിന്റെ പുതിയ ലോകം; വരുന്നു ‘47.21 റേഡിയോ പേരാമ്പ്ര’
പേരാമ്പ്ര: മഹാമാരിക്കാലത്തെ ഓൺലൈൻ പഠന പ്രവർത്തനത്തോടൊപ്പം കുട്ടികൾക്ക് അറിവിന്റെ പുതിയ ലോകം സൃഷ്ടിക്കുകയാണ് ഒരുകൂട്ടം അധ്യാപകർ. പേരാമ്പ്രയുടെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ പുതുചരിത്രം കുറിക്കുന്നതാണ് ‘47.21 റേഡിയോ പേരാമ്പ്ര’.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോഗ്രാം കോ ഡിനേറ്റർ, കലാ സാംസ്കാരിക രംഗത്തെ അധ്യാപകർ എന്നിവരടങ്ങുന്ന 21 അംഗ ഡയരക്ടർ ബോർഡാണ് കുട്ടികളുടെ റേഡിയോവിന് സാങ്കേതിക പിന്തുണ നൽകുന്നത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് പരിപാടി അവതരിപ്പിക്കാം. പരിപാടി അവതരിപ്പിക്കലും അവതാരകരും പൂർണമായും കുട്ടികളായിരിക്കും.
താല്പര്യമുള്ളവരെ ഉൾപ്പെടുത്തി ഓഡിഷൻ നടത്തി ആറ് ദിവസത്തെ ആർജെ പരിശീലനം നടന്നുവരുന്നു. 47.21 റേഡിയോ പേരാമ്പ്ര എന്നതിൽ 47 എന്നത് പേരാമ്പ്ര സബ് ജില്ലയുടെ കോഡ് നമ്പറാണ്. പാടാം പറയാം വാനിലുയരാം എന്ന ഇൻട്രോസോങ് രചിച്ചത് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്ക് അജിത്ത് സോപാനവും സംഗീതം ചിട്ടപ്പെടുത്തിയത് കൂത്താളി എയുപി സ്കൂളിലെ അർജുൻ സാരംഗിയുമാണ്. സ്വാതന്ത്ര്യദിനത്തിൽ ആദ്യ പ്രക്ഷേപണം ആരംഭിക്കും. മാസത്തിൽ രണ്ട് എപ്പിസോഡായി പ്രക്ഷേപണമുണ്ടാകും.
ബിആർസിയിൽ നടന്ന ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷനായി. മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. റേഡിയോ ഡയരക്ടർ കെ എം നസീർ പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ പ്രേമരാജൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലത്തീഫ് കരയാതൊടി, വി പി നിത, ബിജു മാത്യു, വി എംഅഷറഫ്, കെ ഷാജിമ . ആനന്ദ് ലാൽ എന്നിവർ സംസാരിച്ചു.