കുട്ടികള്‍ക്ക് കോവാക്സിന് നല്‍കാമോ? മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി ബെംഗളൂരു ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ ഡോ. ശ്രീകണ്ഠ ജെ.ടി
ബെംഗളൂരു: കോവിഡ് വാക്സിൻ കണ്ടെത്തിയത് മുതൽ കുട്ടികൾക്കായുള്ള വാക്സിൻ ഒരു ചർച്ചാവിഷയം തന്നെയാണ്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി വിദഗ്ദ്ധ പാനൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അംഗീകരിച്ചതോടെ പ്രതീക്ഷിക്കുന്ന കോവിഡ് മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സുരക്ഷിതരാക്കാനാകുമെന്ന പ്രത്യാശയിലാണ് രക്ഷിതാക്കൾ. ഡിജിസിഐ ഇതുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും ഈ നിർദ്ദേശം പൊതുജനങ്ങളിൽ പ്രതീക്ഷകൾ ഉയർത്തുന്ന ഒന്നാണ്.
കോവിഡ് തടയുന്നതിന് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിനായ സൈഡസ് കാഡിലയുടെ സൈക്കോവ് ഡി (ZyCoV-D) രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിരുന്നു.
കുട്ടികൾക്കുള്ള വാക്സിൻ സംബന്ധിച്ച് മാതാപിതാക്കൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് ബെംഗളൂരു ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോ. ശ്രീകണ്ഠ ജെ ടി.
കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ട ശരിയായ സമയമാണോ ഇത്. അതോ നമ്മൾ കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടതുണ്ടോ?
കോവാക്സിൻ തയ്യാറാക്കാനായി നിഷ്ക്രിയ വൈറൽ ഘടകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഇത് സംബന്ധിച്ച ഡാറ്റ പൂർണമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിലും കുട്ടികൾക്ക് നൽകുന്ന മിക്ക വാക്സിനുകളും നിർമ്മിക്കാൻ ഉപയോഗിച്ച അതേ സാങ്കേതികവിദ്യയാണ് ഇവിടെയും പിന്തുടർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വാക്സിൻ സുരക്ഷിതമാണെന്ന് കരുതാം. എന്നാൽ ശരിയായ വിവരങ്ങൾ പുറത്തു വരുന്നത് വരെ മാതാപിതാക്കൾ കാത്തിരിക്കുന്നതാണ് നല്ലത്.
കുട്ടികൾക്ക് നൽകേണ്ട വാക്സിൻ ഡോസ് അളവ് എത്രയാണ്?
കുട്ടികൾക്ക് മുതിർന്നവർക്ക് നൽകുന്നതിന്റെ പകുതിയാണ് നൽകേണ്ടത്. അതായത്, മുതിർന്നവർക്ക് 1 മില്ലി ആണെങ്കിൽ കുട്ടികൾക്ക് 0.5 മില്ലി ഡോസ് നൽകും. മറ്റ് വാക്സിനുകൾ പോലെ ഇത് ഒരു ഇൻട്രാമസ്കുലർ കുത്തിവയ്പ്പായിരിക്കും. 2 കുത്തിവയ്പ്പുകളും 4 ആഴ്ച സമയത്തിനുള്ളിൽ നൽകും. അതായത് ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷം.
കുട്ടികൾക്ക് കൂടി വാക്സിൻ എത്തിക്കാനായാൽ നമ്മൾ കോവിഡിനെ കീഴടക്കി എന്ന് കരുതാനാകുമോ?
മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികളുടെ ജനസംഖ്യയിൽ അണുബാധയുടെ തീവ്രത കുറവാണ്. എന്നാൽ കുട്ടികൾ എപ്പോഴും ഒരു ദുർബല വിഭാഗമാണ്. കാരണം കുട്ടികളിൽ രോഗം ബാധിച്ചാൽ അത് വളരെ പെട്ടെന്ന് കൂടുതൽ പേരിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. കൂടാതെ, ഒരു വലിയ വിഭാഗത്തിലേക്ക് വ്യാപിക്കുമ്പോൾ വൈറസിന് ഒന്നിലധികം മ്യൂട്ടേഷനുകളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ കോവിഡിന്റെ കൂടുതൽ തരംഗങ്ങൾ ഒഴിവാക്കാൻ, വാക്സിനേഷൻ ഒരു ഫലപ്രദ മാർഗ്ഗം തന്നെയാണ്.
ഇന്ത്യയിലെ 140 കോടി ജനസംഖ്യയിൽ 25-30% കുട്ടികളാണുള്ളത്. കോവിഡിൽ നിന്നും മൂന്നാം തരംഗത്തിൽ നിന്നും രക്ഷപ്പെടുന്നതിന് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, എം ഐ എസ് സി (MISC) പോലുള്ള കുട്ടികളിലെ കോവിഡിന് ശേഷമുള്ള നിരവധി സങ്കീർണതകൾ തടയാൻ ഇത് സഹായിക്കും.
കുത്തിവയ്പ്പിന് ശേഷം കുട്ടികൾക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള പാർശ്വ ഫലങ്ങൾ എന്തൊക്കെയാണ്?
മിക്ക പ്രതിരോധ കുത്തിവയ്പ്പുകളും പോലെ, പനി, ശരീര വേദന, കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ വേദന എന്നിവ സാധാരണമാണ്. എന്നാൽ ഇതിനേക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകില്ല. വാക്സിൻ നന്നായി പ്രവർത്തിക്കുമ്പോൾ ഇത്തരം ചെറിയ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.
കോവാക്സിൻ ഇപ്പോഴും പല സ്ഥലങ്ങളിലും സ്വീകാര്യമല്ല. അതുകൊണ്ട് തന്നെ ഈ വാക്സിൻ കുട്ടികൾക്ക് നൽകുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
കോവാക്സിൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച പേടി വേണ്ട. എന്നാൽ ഇത് സംബന്ധിച്ച മതിയായ ഡാറ്റകൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. എന്നാൽ ഈ വാക്സിൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ ഒന്ന് തന്നെയാണ്. മറ്റ് വാക്സിനുകളിൽ കോവിഷീൽഡ് ഇപ്പോഴും പരീക്ഷണത്തിലാണ്. ഫൈസർ, വാക്സിൻ 2 ഡോസ് എടുത്ത ശേഷം മയോകാർഡിറ്റിസ് ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കൂടാതെ സൈക്കോവ് ഡിയും പരീക്ഷണ ഘട്ടത്തിലാണ്.
കുട്ടികളിലെ വാക്സിനേഷന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ചാൽ 2 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകി തുടങ്ങും.
രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടിയോട് അടുക്കുമ്പോഴാണ് ഡ്രഗ് റഗുലേറ്ററി സബ്ജക്ട് എക്സ്പെർട്ട് കമ്മറ്റിയുടെ നിർണ്ണായക തീരുമാനം. 2 മുതൽ 18 വയസു വരെയുള്ള കുട്ടികൾക്ക് കോവാക്സിൻ പ്രതിരോധ കുത്തിവെപ്പിനാണ് ശുപാർശ ചെയ്തിട്ടുള്ളത്. നേരത്തെ കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ കോവാക്സിൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പ്രായത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൊണ്ടായിരുന്നു പരീക്ഷണം.
12 മുതൽ 18 വയസ് വരെയുള്ള കുട്ടികളിലായിരുന്നു ആദ്യം പരീക്ഷണം നടത്തിയത്. പിന്നിട്ട് 6 മുതൽ 12 വയസ് വരെയുള കുട്ടികളിലും 2 മുതൽ 6 വയസ് വരെയുള്ള കുട്ടികളിലും വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തി. മുതിർന്നവരിലേതിന് സമാനമായി കുട്ടികളിലും വാക്സിൻ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായാണ് പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായത്.
കുട്ടികളിലെ ഉപയോഗത്തിന് ശുപാർശ ചെയ്യപ്പെടുന്ന ആദ്യ വാക്സിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ. സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്സീന് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു നല്കാന് ഓഗസ്റ്റില്‍ അനുമതി നൽകിയിരുന്നു. സൈക്കോവ് ഡി, ഫൈസർ അടക്കമുള്ള വാക്സിനുകളും കുട്ടികളിലെ ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.