കുട്ടികള്‍ക്കായി ‘വീട്ടുവായന’ പദ്ധതിയുമായി പേരാമ്പ്ര ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി
കായണ്ണബസാര്‍ : ഓണ്‍ലൈന്‍ പഠനകാലത്ത് കുട്ടികളുടെ മാനസികസംഘര്‍ഷം കുറച്ച് ഉല്ലാസം നല്‍കാനും വായന പരിപോഷിപ്പിക്കാനുമായി പേരാമ്പ്ര ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ വീട്ടുവായന പദ്ധതി നടപ്പാക്കുന്നു. ഉപജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ലൈബ്രറി പുസ്തകങ്ങള്‍ അതത് സ്‌കൂള്‍ ബസില്‍ കുട്ടികളുടെ കൈയിലെത്തിക്കുന്ന പദ്ധതിയാണിത്.
സ്‌കൂള്‍ കുട്ടികളുടെ വീടിനടുത്തുള്ള രക്ഷിതാക്കള്‍ ചേര്‍ന്ന കോര്‍ണര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ പുസ്തകം കുട്ടികളുടെ വീട്ടിലെത്തിക്കും.
മിനിമം 15 പുസ്തകം ഈ അധ്യയനവര്‍ഷം വായിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
കായണ്ണ ജി.യു.പി. സ്‌കൂളില്‍നടന്ന ഉപജില്ലാതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ജിബിന്‍ ടി.സി. അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ അസി. കോ-ഓര്‍ഡിനേറ്റര്‍ വി.എം. അഷറഫ് പദ്ധതി വിശദീകരിച്ചു. ബി.പി.സി. നിത പി., ഹെഡ്മാസ്റ്റര്‍ എ.എ. തോമസ്, ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജിമ, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സുരേഷ്, കെ. അബൂബക്കര്‍ രന്യമനില്‍, സാനിയ കെ. എന്നിവര്‍ സംസാരിച്ചു.