കുട്ടികളെ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത! നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ ഇനി ക്ലാസ് കട്ടാകില്ല; നൊച്ചാട് സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്റ്‌റര്‍ പ്രവര്‍ത്തനമാരംഭിച്ചു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മോഡല്‍ ഡിജിറ്റല്‍ സെന്റര്‍ പ്രവര്‍തനമാരംഭിച്ചു. നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് കോളനിയോട് ചേര്‍ന്ന ഗ്രാമകേന്ദ്രമാണ് ഡിജിറ്റല്‍ കേന്ദ്രമായി മാറിയത്. സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്റ്‌ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബ്ലോക്ക്പഞ്ചായത്തിന് എങ്ങനെ ഇടപെടാന്‍ കഴിയും എന്ന ചോദ്യത്തില്‍ നിന്നാണ് സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്റര്‍ എന്ന ആശയം ഉദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത നൊച്ചാട് പഞ്ചായത്തിലെ ഗ്രാമകേന്ദ്രമാണ് ഡിജിറ്റല്‍ കേന്ദ്രമാക്കിയത്. കെട്ടിടം പെയിന്റടിച്ച് ജനല്‍ പാളികള്‍ ഫിറ്റു ചെയ്തു വയറിംഗ് നടത്തി കണക്ഷന്‍ നല്‍കുകയായിരുന്നു. ഒരു കിലോമീറ്റര്‍ ദൂരത്തു നിന്നും കേബിള്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ടിവി, ഇരിപ്പിട സൗകര്യവും ഡിജിറ്റല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ ലൈബ്രററി സൗകര്യം ഒരുക്കും. പുസ്തക ശേഖരത്തിലേക്ക് വില പിടിച്ച 200 പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമായതോടെ പ്രദേശത്തെ വിദ്യര്‍ത്ഥികളുടെ നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തിന് പരിഹാരമാകും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എന്‍ ശാരദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശികുമാര്‍ പേരാമ്പ്ര, കെ സജീവന്‍, മെമ്പര്‍മാരായ കെ അജിത, കെ കെ വിനോദന്‍ പി വഹീദ, സെക്രട്ടറി പി വി ബേബി, എം എം ജിജേഷ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ സ്വാഗതവും പഞ്ചായത്ത് മെമ്പര്‍ ശോഭന വൈശാഖ് നന്ദിയും പറഞ്ഞു.