കീഴരിയൂര്‍ ചന്ദന മോഷണക്കേസ്; പ്രതികളെ പിടികൂടാനായില്ല, അന്വേഷണച്ചുമതല പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന്


കീഴരിയൂര്‍: കീഴരിയൂരില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കൊയിലാണ്ടി പൊലീസ് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് കൈമാറി.

ചന്ദനമോഷണ സംഘം സഞ്ചരിച്ച മാരുതി സിഫ്റ്റ് കാറും, ഇരുപത്തിയൊന്ന് മരകഷ്ണങ്ങളും, കണ്ടെടുത്ത ആയുധങ്ങളും മൊബൈല്‍ ഫോണുകളും കോടതിയില്‍ ഹജരാക്കിയതായി പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബൈജു നാഥ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കേസന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് ഇന്ന് പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കൂടാതെ കാറിന്റെ വിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍ടിഒ ഓഫീസില്‍ നിന്നും ശേഖരിക്കുമെന്നും ബൈജു നാഥ് വ്യക്തമാക്കി.

ഈ മാസം ഇരുപത്തിരണ്ടിനാണ് കീഴരിയൂര്‍ ആവണക്കുഴിയില്‍ നിന്ന് ചന്ദന മരം മുറിച്ചുകടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞത്. സംഘത്തിലെ നാല് പേരും പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.