കീഴരിയൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും


കീഴരിയുർ: കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയൂഷ് എം. നമ്പൂതിരിപ്പാട്, ബ്ലോക്കിന്റെ ചുമതലകൂടിയുള്ള ജില്ലാ ടി.ബി. ഓഫീസർ ഡോ. പി.പി.പ്രമോദ് കുമാർ എന്നിവർ പഞ്ചായത്ത് പ്രസിഡന്റുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്.

പഞ്ചായത്തിൽ അടിയന്തര ജാഗ്രതായോഗം ചേർന്നു. എല്ലാ വാർഡുകളിലെയും ആർ.ആർ.ടി. പുനഃസംഘടിപ്പിച്ചുകൊണ്ട്‌ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.

പൊതു സ്ഥാപനങ്ങളിലുമുള്ളവർ നിർബന്ധമായും കോവിഡ് ടെസ്റ്റും വാക്സിനേഷനും എടുക്കണമെന്നും കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ എല്ലാ ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനും കോവിഡ് ടെസ്റ്റ് വർധിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

പ്രസിഡൻറ് കെ.കെ. നിർമല അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ.ആർ.കെ. മുഹമ്മദ് അഷറഫ് കോവിഡ് പോസിറ്റീവിറ്റി നിരക്ക് കൂടുന്നതിനെക്കുറിച്ചും വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു.

വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ, വാർഡ് അംഗങ്ങളായ കെ.സി. രാജൻ, നിഷ വല്ലിപ്പടിയ്ക്കൽ, സവിത നിരത്തിന്റെ മീത്തൽ, ഇ.എം.മനോജ്, അമൽ സരാഗ, ടി.വി.ജലജ. പി. മോളി, എം.സുരേഷ്, കെ. ഫൗസിയ, ഗ്രാമ പ്പഞ്ചായത്ത് സെക്രട്ടറി കെ.അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. ഉസ്സൈൻ, ജെ.എച്ച്.ഐ. പി.ശ്രീലേഷൻ എന്നിവർ സംസാരിച്ചു.