കീഴരിയൂരിൽ അക്കൗണ്ട് നമ്പര്‍ മാറ്റി നല്‍കി പണം തട്ടാന്‍ ശ്രമം; ചികിത്സാ സഹായ കമ്മിറ്റി പരാതി നല്‍കി; തട്ടിപ്പിനായി പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവ് പേരാമ്പ്ര ന്യൂസിന്


സ്വന്തം ലേഖകന്‍

മേപ്പയ്യൂര്‍: ഗുരുതരമായ വൃക്കരോഗം ബാധിച്ച യുവതിക്കായുള്ള ചികിത്സാ സഹായത്തിന്റെ പേരില്‍ അക്കൗണ്ട് നമ്പര്‍ മാറ്റി പണം തട്ടാന്‍ ശ്രമം. കീഴരിയൂര്‍ സ്വദേശിനിയായ ഗോപികയുടെ (32) വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം സമാഹരിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമിച്ച നടേരി ഓടക്കല്‍ വീട്ടില്‍ ഫെബിന് എതിരെ ഗോപികാ ചികിത്സാ സഹായ കമ്മിറ്റി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.

ഇത് രണ്ടാം തവണയാണ് ഫെബിന്‍ അക്കൗണ്ട് നമ്പര്‍ മാറ്റി നല്‍കി ഗോപികയുടെ ചികിത്സയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിക്കുന്നതെന്ന് കമ്മിറ്റി കണ്‍വീനര്‍ അസീസ് അണ്ടാറത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കമ്മിറ്റിയുടെ പോസ്റ്ററുകള്‍ക്കൊപ്പം മറ്റൊരു അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് ഫെബിനും ഏതാനും സുഹൃത്തുക്കളും പണം തട്ടാന്‍ ശ്രമിച്ചത്.

അന്ന് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ അക്കൗണ്ടിലുള്ള തുക ചികിത്സാ ഫണ്ടിലേക്ക് മാറ്റുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തങ്ങള്‍ തട്ടിപ്പ് നടത്തിയതല്ലെന്നും സദുദ്ദേശത്തോടെ ചെയ്തതാണെന്നുമാണ് ഫെബിനും സുഹൃത്തുക്കളും അന്ന് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

അതിനുശേഷം വീണ്ടും സമാനമായ രീതിയില്‍ ഗോപികയുടെ ചിത്രവും മറ്റൊരു അക്കൗണ്ട് നമ്പറും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടാനുള്ള ശ്രമം ഇന്നലെ രാത്രി കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തന്നെ കമ്മിറ്റി കണ്‍വീനര്‍ അസീസും ട്രഷറര്‍ അബൂബക്കറും കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇത്തവണ ഫെബിന്‍ ഒറ്റയ്ക്കാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് അസീസ് അണ്ടാറത്ത് പറഞ്ഞു. ഗോപികയുടെ ചികിത്സാര്‍ത്ഥമുള്ള ധനസമാഹരണത്തെ വലിയരീതിയില്‍ ബാധിക്കുന്ന തരത്തിലാണ് ഫെബിന്റെ തട്ടിപ്പ്. ഇയാള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണമെന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തെ കൂട്ടുപിടിക്കാനും ശ്രമം

ഗോപിക ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററിനൊപ്പം വ്യാജ അക്കൗണ്ട് നമ്പര്‍ നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനൊപ്പം ഇതിനായി പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തെ ഉപയോഗിക്കാനും ഫെബിന്‍ ശ്രമിച്ചു. ഇതിന്റൈ തെളിവുകള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു.

വ്യാജ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടുന്ന പോസ്റ്റര്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫെബിന്‍ ഓണ്‍ലൈന്‍ മാധ്യമത്തെ വാട്ട്‌സ് ആപ്പിലൂടെ സമീപിച്ചത്. എന്നാല്‍ ഇതിന്റെ ആധികാരികത പരിശോധിക്കണമെന്നും അതിനായി വാര്‍ഡ് മെമ്പറുടെ നമ്പര്‍ വേണമെന്നും മറുപടി നല്‍കിയപ്പോള്‍ ഫെബിന്‍ പ്രകോപിതനായി മറുപടി നല്‍കുകയും നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഈ വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചത്.

ഗോപികയ്ക്ക് ഇനിയും സഹായം വേണം

നിര്‍ധന കുടുംബത്തിലെ അംഗമാണ് ഗോപിക. ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയതോടെയാണ് വൃക്ക മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. തുടര്‍ന്ന് ഗോപികയുടെ സ്വന്തം നാടായ നടേരിയിലും ഭര്‍ത്താവിന്റെ നാടായ കീഴരിയൂരിലുമായി നാട്ടുകാര്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചു. ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് അതിന്റെ പേരില്‍ പണം തട്ടാനുള്ള ശ്രമങ്ങള്‍ ഉണ്ടായത്.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വലിയ തുക ആവശ്യമാണ്. ഇതിനായി ജനങ്ങളുടെ സഹായം മാത്രമാണ് മുമ്പിലുള്ള ഏക വഴി. ഗോപികയുടെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് എല്ലാവരും തങ്ങളാല്‍ കഴിയുന്ന തുക നല്‍കണമെന്ന് കണ്‍വീനര്‍ അസീസ് അണ്ടാറത്ത് അഭ്യര്‍ത്ഥിച്ചു.

പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങള്‍

അക്കൗണ്ട് നമ്പര്‍ : 20490100122075
ഐ.എഫ്.എസ്.സി: FDRL0002049

ഗൂഗിള്‍ പേ നമ്പര്‍ : 9447897862

കൂടുതല്‍ വിവരങ്ങള്‍ അറിയാനായി താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാം

അസീസ് അണ്ടാറത്ത് (കമ്മിറ്റി കണ്‍വീനര്‍): 7306561127

അബൂബക്കര്‍. എം (ട്രഷറര്‍): 9495612057

ഫാസില്‍ പി.പി (വാര്‍ഡ് മെമ്പര്‍): 9747817901